തീ തിന്ന മണിക്കൂറുകൾ, 141 ജീവനുകളും കൈവെള്ളയിൽ, ഒടുവിൽ സേഫ് ലാന്‍ഡിങ്; പൈലറ്റുമാർക്ക് അഭിനന്ദന പ്രവാഹം
ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് ട്രിച്ചി–ഷാർജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്
ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്‌പ്രസ് AXB613 വിമാനത്തിന്റെ പൈലറ്റുമാരായ ഇക്രോം രിഫാദ്‌ലി ഫഹ്മി സൈനലിന്റെയും മൈത്രി ശ്രീകൃഷ്ണ ഷിറ്റോളിന്റെയും മുഖത്ത് ചെറുപുഞ്ചിരിയുണ്ട്. അത് ആശ്വാസത്തിന്റേതും അഭിമാനത്തിന്റേതുമാണ്. സാങ്കാതിക തരാറിനെ തുടർന്ന് മണിക്കൂറുകൾ ആകാശത്ത് വട്ടമിട്ടു പറന്നതിനു ശേഷം വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരെയും സുരക്ഷിതരായി തിരിച്ചറിക്കിയ റിയൽ ഹീറോസാണ് ഇരുവരും. ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് എയർ ഇന്ത്യ ഏക്സ്പ്രസ് ട്രിച്ചി–ഷാർജ വിമാനം തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്. പ്രതിസന്ധിഘട്ടത്തിൽ സംയോജിത ഇടപെടൽ നടത്തിയ വിമാനത്തിലെ ജീവനക്കാർക്ക് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.
തകരാർ ശ്രദ്ധയിൽപ്പെട്ടയുടനെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി തിരിച്ചിറക്കണമെന്ന ലക്ഷ്യം മാത്രമായിരുന്നു പൈലറ്റുമാരുടെ മുന്നിൽ. ആദ്യം ലാൻഡിങ് നടത്താമെന്ന് തീരുമാനിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്നും അമിതഭാരത്തോടെയുള്ള ലാൻഡിങ് അപകട സാധ്യത വർധിപ്പിക്കുമെന്നും മനസിലാക്കിയ ടീം നിർണായ തീരുമാനം സ്വീകരിച്ചു. ആകാശത്ത് വട്ടമിട്ടു പറന്ന് വിമാനത്തിലെ ഇന്ധനം കുറഞ്ഞുവെന്ന് ഉറപ്പുവരുത്തിയതിനു ശേഷം ലാൻഡിങ് മതിയെന്ന അതിപ്രധാന തീരുമാനമാണ് വലിയ ദുരന്തത്തെ അകറ്റിനിർത്തിയത്. ഇന്ധനം കത്തിച്ചുവെന്ന് ഉറപ്പാക്കിയതു വഴി ലാൻഡിംഗ് ഭാരം കുറയ്ക്കാൻ കഴിഞ്ഞതാണ് നിർണായകമായത്.
തീ തിന്ന മണിക്കൂറുകൾക്കു ശേഷം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതുവരെ തിരുച്ചിറപ്പിള്ളി വിമാനത്താവളം സാക്ഷ്യം വഹിച്ചത് തീർത്തും നാടകീയ രംഗങ്ങൾക്കാണ്. ഇന്നലെ വൈകീട്ട് 5.40 ന് 141 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ്. പറന്നു പൊങ്ങിയതിന് പിന്നാലെ വിമാനത്തിൻറെ ഹൈഡ്രോളിക് സംവിധാനത്തിൽ പിഴവുണ്ടെന്ന് കണ്ടെത്തി. പിന്നീട് എന്തു വിലകൊടുത്തും സുരക്ഷിതമായ ലാൻഡിങ്ങിനുള്ള പൈലറ്റുമാരുടെ അശ്രാന്ത പരിശ്രമം. വിമാനത്തിലെ ഇന്ധനം കുറയ്ക്കാൻ വേണ്ടി രണ്ടര മണിക്കൂർ നേരം ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷം ആശങ്കയുടെ നിമിഷങ്ങൾക്ക് വിരാമമിട്ട് സേഫ് ലാൻഡിങ്. രാത്രി 8.10 ന് എല്ലാവരുടെയും ശ്വാസം നേരെ വീണു.
ആകാശത്ത് ആശങ്കയുടെ മണിക്കൂറുകൾ കടന്നുപോകുമ്പോൾ ഇങ്ങ് താഴെ വിമാനത്താവളത്തിൽ എന്തും നേരിടാനുള്ള സർവസന്നാഹങ്ങളും തയാർ. വിമാനത്തിന്റെ അടിയന്തര ലാൻഡിങ്ങിന് വേണ്ടിയുള്ള എല്ലാം അധികൃതർ സജ്ജമാക്കിയിരുന്നു. വിമാനം ഇടിച്ചിറക്കേണ്ടി വന്നാൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ നേരിടാൻ 20 ആംബുലൻസും 18 ഫയർ എഞ്ചിനുകളും. പക്ഷെ ഇതിന്റെയൊന്നും ആവശ്യം വന്നില്ല. യാത്രക്കാരും ക്യാബിൻ ക്രൂ അംഗങ്ങളടക്കമുള്ള മുഴുവൻ പേരെയും സുരക്ഷിതമായി വഹിച്ചുകൊണ്ട് ആശ്വാസത്തിന്റെ ലാൻഡിങ്. ഏറെ അപകടം നിറഞ്ഞ സാഹചര്യത്തിലും അടിപതറാതെ സംയോജിതമായ ഇടപെടൽ നടത്തിയ പൈലറ്റുമാരെയും വിമാനത്തിലെ മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തു വന്നിരിക്കുന്നത്.
സുരക്ഷിതമായ ലാൻഡിങ് നടത്തിയതിന് പൈലറ്റുമാരെയും വിമാന ജീവനക്കാരെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അഭിനന്ദിച്ചു. വിമാനം സുരക്ഷിതമായി ഇറക്കിയതിന് ക്യാപ്റ്റനും സഹപൈലറ്റിനും തമിഴ്നാട് ഗവർണർ ആർ.എൻ രവിയും നന്ദി പറഞ്ഞു.