പെട്രോൾ ലിറ്ററിന് 27 പൈസ; പത്ത് ഗ്രാം സ്വർണത്തിന് 88 രൂപ! 74 വർഷം കൊണ്ടുണ്ടായ മാറ്റം ഇങ്ങനെ

പെട്രോള്‍-ഡീസല്‍ മുതല്‍ നിത്യോപയോഗ സാധനങ്ങളുടെയും ആഡംബര വസ്തുക്കളുടെയുമെല്ലാം വില കുത്തനെ ഉയരുകയാണിപ്പോള്‍. രാജ്യത്ത് ജനങ്ങള്‍ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന ഈ ചരക്കുകൾക്ക് 1947 ഓഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എന്തായിരുന്നു വിലയെന്നു പരിശോധിക്കുന്നത് രസകരമാകും

Update: 2021-08-15 17:21 GMT
Editor : Shaheer | By : Web Desk
പെട്രോൾ ലിറ്ററിന് 27 പൈസ; പത്ത് ഗ്രാം സ്വർണത്തിന് 88 രൂപ! 74 വർഷം കൊണ്ടുണ്ടായ മാറ്റം ഇങ്ങനെ
AddThis Website Tools
Advertising

രാജ്യം സ്വാതന്ത്ര്യത്തിന്റെ വാർഷികാഘോഷത്തിലാണിപ്പോൾ. ബ്രിട്ടനിൽനിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 74 വർഷം പിന്നിട്ടു. ഏഴു പതിറ്റാണ്ട് കൊണ്ട് ഇന്ത്യ ഏറെ മാറി. 1947ൽ അഭിമുഖീകരിച്ച പ്രശ്‌നങ്ങളല്ല ഇപ്പോൾ രാജ്യം നേരിടുന്നത്. കോവിഡ് മഹാമാരി ഒരു വശത്ത്. പിടികിട്ടാതെ കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലക്കയറ്റം തന്നെയാണ് മറുവശത്ത് രാജ്യത്ത് ഇപ്പോള്‍ കത്തുന്ന വിഷയം.

ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നിത്യോപയോഗ സാധനങ്ങള്‍ മുതൽ ആഡംബര വസ്തുക്കൾ വരെയുള്ളവയുടെ വില കുത്തനെ ഉയരുകയാണ്. ഇപ്പോൾ ജനങ്ങൾ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന ചരക്കുകൾക്ക് 1947 ഓഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എന്തായിരുന്നു വിലയെന്നു പരിശോധിക്കുന്നത് രസകരമാകും.

പെട്രോൾ

രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതൽ ജനരോഷമുയർത്തുന്ന വിഷയമാണ് ഇന്ധന വിലക്കയറ്റം. സെഞ്ച്വറിയും കടന്നു കുതിച്ചുപായുകയാണ് പെട്രോൾ വില.നിലവിൽ ഡൽഹിയിൽ പെട്രോൾ വില ലിറ്റർ ഒന്നിന് 101.84 രൂപയാണ്. എന്നാൽ, 1947ൽ ലിറ്ററിന് വെറും 27 പൈസ കൊടുത്താൽ കിട്ടുന്ന സാധനമായിരുന്നു പെട്രോൾ.

സ്വർണം

സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിലകൂടിയ ചരക്കാകും സ്വർണം. ഇപ്പോൾ പത്ത് ഗ്രാം സ്വർണം വാങ്ങണമെങ്കില്‍ അരലക്ഷത്തോളം കൊടുക്കണം. ഇപ്പോള്‍ 46,000 രൂപയോളം വരും വില! എന്നാൽ, ഇന്ത്യൻ പോസ്റ്റ് ഗോൾഡ് കോയിൻ സർവിസസ് കണക്കുപ്രകാരം സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 88.62 രൂപയായിരുന്നു പത്തു ഗ്രാം സ്വർണത്തിനുണ്ടായിരുന്നത്.

പാൽ

നിത്യോപയോഗ വസ്തുക്കളിലൊന്നാണ് പാൽ. ഏഴു പതിറ്റാണ്ട് മുൻപ് ലിറ്ററിന് 12 പൈസയായിരുന്നു പാലിന്. ഇപ്പോൾ വില 44 രൂപ!

വിമാന ടിക്കറ്റ്

നിത്യോപയോഗ സാധനങ്ങളുടെയും ആഡംബര വസ്തുക്കളുടെയും വിലയ്‌ക്കൊപ്പം യാത്രാചെലവും പരിശോധിക്കാം. പണ്ടൊക്കെ വിമാനയാത്രയ്ക്ക് എന്തു ചെലവ് വരുമെന്ന് ആലോചിക്കാറുണ്ടാകും മിക്കവരും.

1947ൽ ഡൽഹിയിൽനിന്ന് മുംബൈ വരെ വിമാനം വഴി പോകാൻ വേണ്ടിയിരുന്നത് 140 രൂപയാണ്. എയർ ഇന്ത്യ അടക്കിവാണ മേഖലയിൽ ഇപ്പോൾ നിരവധി സ്വകാര്യ കമ്പനികൾ വന്നു. പക്ഷെ, വിമാനയാത്രയ്ക്ക് വിലകൂടുക മാത്രമാണുണ്ടായത്; നിലവിൽ ഡൽഹിയിൽനിന്ന് മുംബൈയിലെത്താൻ 5,000ത്തിനുമുകളിൽ കൊടുക്കണം.

വീട്ടുവാടക

1947ൽ മുംബൈയിൽ രണ്ട് ബെഡ്‌റൂമും ഹാളും അടുക്കളയുമടങ്ങുന്ന ഒരു ഫ്‌ളാറ്റോ വീടോ കിട്ടണമെങ്കിൽ മാസവാടകയായി നൽകേണ്ടിയിരുന്നത് 40 മുതൽ 50 വരെ രൂപയാണ്. എന്നാൽ, ഇപ്പോൾ മുംബൈ നഗരത്തിൽ എവിടെയും ഇതേ സൗകര്യങ്ങളോടെ പതിനായിരത്തിൽ കുറഞ്ഞ വാടകയുള്ള മുറി കണ്ടെത്തുക പ്രയാസകരമാകും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News