ഞാനും 14 വയസുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ്; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗോവ മുഖ്യമന്ത്രി
കഴിഞ്ഞ ആഴ്ചയാണ് ഗോവയിലെ ബെനോലിം ബീച്ചില്‍ വച്ച് രണ്ടു പെണ്‍കുട്ടികളെ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇപ്പോള്‍ അതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി.
''നിര്‍ഭാഗ്യകരമായ ആ സംഭവത്തെക്കുറിച്ചുള്ള എന്‍റെ പ്രസ്താവന ആ സാഹചര്യത്തില്‍ നിന്നെടുത്തതാണ്. ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്‍റെ തലവനെന്ന നിലയിലും 14 വയസുള്ള ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയിലും ആ സംഭവം എന്നെ വേദനിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നു. ഒരു ഘട്ടത്തിലും ഞങ്ങളുടെ നിയമം നൽകുന്ന സുരക്ഷയ്ക്കുള്ള അവകാശം നിഷേധിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തിൽ ഗോവ പൊലീസ് ശരിക്കും പ്രൊഫഷണല്‍ തന്നെയാണ്. അവര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ഇതിനോടകം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറ്റവാളികൾക്ക് നിയമപ്രകാരം ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.പൌരന്‍മാരുടെ സുരക്ഷക്ക് എല്ലായ്പ്പോഴും മുന്‍ഗണനയുണ്ട്'' പ്രമോദ് സാവന്ത് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഗോവയിലെ ബെനോലിം ബീച്ചില്‍ വച്ച് രണ്ടു പെണ്‍കുട്ടികളെ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടികളുടെ കൂടെയുണ്ടായിരുന്ന ആണ്‍കുട്ടികളെ മര്‍ദിച്ചു അവശരാക്കിയതിന് ശേഷമായിരുന്നു ബലാത്സംഗം. അക്രമികളില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു സംഘം കുട്ടികളെ ഉപദ്രവിച്ചത്.
എന്നാല്‍ സംഭവത്തില്‍ കുട്ടികളെയും മാതാപിതാക്കളെയും കുറ്റപ്പെടുത്തുകയായിരുന്നു മുഖ്യമന്ത്രി. 14 വയസ്സുള്ള കുട്ടികള്‍ രാത്രി മുഴുവന്‍ ബീച്ചില്‍ തങ്ങുമ്പോള്‍, മാതാപിതാക്കള്‍ അന്വേഷിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് അനുസരണയില്ലാത്തതിന് പൊലീസിനും സര്‍ക്കാരിനും ഉത്തരവാദിത്തമില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണെന്നായിരുന്നു സാവന്ത് പറഞ്ഞത്. രാത്രി പെണ്‍കുട്ടികളെ വീടിന് പുറത്തുപോകാന്‍ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം വ്യാപകമായ വിമര്‍ശങ്ങള്‍ക്ക് വഴിവച്ചിരുന്നു.