'ഞാന്‍ ക്രിമിനല്‍ അല്ല': സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കാത്തതിനെതിരെ കെജ്‍രിവാള്‍

"ഞാൻ ക്രിമിനല്‍ അല്ല, ഒരു സംസ്ഥാനത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്"

Update: 2022-07-18 10:31 GMT
Advertising

ഡല്‍ഹി: സിംഗപ്പൂരില്‍ നടക്കുന്ന ആഗോള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കാത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. താന്‍ കുറ്റവാളിയല്ലെന്നും ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് രാജ്യത്തിന് അഭിമാനമാണെന്നും കെജ്‍രിവാള്‍ പറഞ്ഞു.

"ഞാൻ ക്രിമിനല്‍ അല്ല, ഒരു സംസ്ഥാനത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്"- കെജ്‍രിവാൾ പറഞ്ഞു.

സിംഗപ്പൂർ സർക്കാരാണ് തന്നെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതെന്ന് കെജ്‌രിവാൾ പറഞ്ഞു. അവിടെ ഡൽഹി മോഡലിനെക്കുറിച്ച് ലോകനേതാക്കളോട് വിശദീകരിക്കും. രാജ്യത്തിലെ ആഭ്യന്തര ഭിന്നത ആഗോളതലത്തിൽ പ്രതിഫലിക്കരുത്. ഞായറാഴ്ച കെജ്‍രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും സന്ദർശനാനുമതി അഭ്യർഥിക്കുകയും ചെയ്തു.

"ഡൽഹിയുടെ ആരോഗ്യ-വിദ്യാഭ്യാസ മാതൃക ലോകത്തെ പ്രചോദിപ്പിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയ്ക്ക് അഭിമാനമാണ്. ഡൽഹിയിലെ സ്‌കൂളുകൾ, ആശുപത്രികൾ, മൊഹല്ല ക്ലിനിക്കുകൾ, സൗജന്യ വൈദ്യുതി തുടങ്ങിയവയുടെ മാതൃക ഞാൻ അവതരിപ്പിക്കുമ്പോൾ രാജ്യം അഭിമാനിക്കും. എന്‍റെ സിംഗപ്പൂർ സന്ദർശനം രാജ്യത്തിന്റെ അഭിമാനവും ഔന്നത്യവും ഉയർത്തും"- കെജ്‍രിവാള്‍ പറഞ്ഞു.

സിംഗപ്പൂർ ഹൈകമ്മീഷണർ സൈമൺ വോങ് ജൂണിലാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കെജ്‍രിവാളിനെ ക്ഷണിച്ചത്. ആഗസ്ത് ഒന്നിനാണ് കെജ്‍രിവാള്‍ ഉച്ചകോടിയില്‍ സംസാരിക്കേണ്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ യാത്രാനുമതി നല്‍കിയില്ലെന്നാണ് കെജ്‍രിവാളിന്‍റെ പരാതി.

2019ൽ കെജ്‌രിവാളിന് സമാന സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. മേയർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News