'എന്നെ തിഹാര്‍ ജയിലിലേക്ക് അയച്ചത് ബിജെപിയില്‍ ചേരാത്തതിനാല്‍': ഡി കെ ശിവകുമാര്‍

എന്തിനാണ് ശിവകുമാര്‍ തിഹാർ ജയിലിൽ പോയതെന്ന ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പയുടെ ചോദ്യത്തിന് മറുപടിയായാണ് ശിവകുമാര്‍ ഇങ്ങനെ പറഞ്ഞത്

Update: 2021-12-07 03:13 GMT
Advertising

ബിജെപിയില്‍ ചേരാന്‍ തയ്യാറാവാതിരുന്നതു കൊണ്ടാണ് തന്നെ തിഹാര്‍ ജയിലില്‍ അടച്ചതെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ശിവകുമാറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2019ല്‍ അദ്ദേഹം 50 ദിവസം ജയിലിലായിരുന്നു.

എന്തിനാണ് ശിവകുമാര്‍ തിഹാർ ജയിലിൽ പോയതെന്ന ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പയുടെ ചോദ്യത്തിന് മറുപടിയായാണ് ശിവകുമാര്‍ ഇങ്ങനെ പറഞ്ഞത്- "നിങ്ങളെ (ബിജെപി) പിന്തുണയ്ക്കാത്തതിനാണ് എന്നെ ജയിലിൽ അടച്ചത്." ഇതു പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ശിവകുമാര്‍ അവകാശപ്പെട്ടു.

മഹാദായി പദ്ധതി നടപ്പാക്കുന്നതിന് എന്തിനാണ് മടിക്കുന്നതെന്ന് ബിജെപിയോട് ശിവകുമാർ ചോദിച്ചു. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി അധികാരത്തിലാണ്. പിന്നെ എന്തിനാണ് കാലതാമസമെന്നാണ് ചോദ്യം.

"മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് എല്ലാം അറിയാം. ജലവിഭവ വകുപ്പ് അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്‍റെ ക്യാബിനറ്റ് മന്ത്രിയായ ഈശ്വരപ്പ, മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ കർണാടക ഏറ്റവും മുന്നിലാണ്"- ശിവകുമാർ പറഞ്ഞു.

കര്‍ണാടകയില്‍ കോൺഗ്രസിനെ ഇല്ലാതാക്കുമെന്ന മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പരാമര്‍ശത്തെ ശിവകുമാര്‍ പരിഹസിച്ചു-"യെദ്യൂരപ്പയുടെ അടുത്ത അനുയായികൾ റെയ്ഡ് ചെയ്യപ്പെടുകയാണ്. പാർട്ടിയിൽ അദ്ദേഹം ദിവസവും പീഡിപ്പിക്കപ്പെടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം തന്‍റെ എല്ലാ നിരാശയും കോൺഗ്രസിനു മേല്‍ ചൊരിയുന്നത്. ബിജെപിയിലെ ആർക്കെതിരെയും അദ്ദേഹത്തിന് അങ്ങനെ ചെയ്യാൻ കഴിയില്ല." കർണാടകയിലെ ബിജെപി നേതാക്കൾ തന്നെ സംസ്ഥാന സർക്കാരിനെ അസ്ഥിരമാക്കുകയാണെന്നും ശിവകുമാര്‍ വിമര്‍ശിച്ചു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News