കാടു കയറി റോഡ്, കുട്ടികള്‍ സ്കൂളിലെത്തുന്നത് കുതിരപ്പുറത്ത്; നാലു കി.മീ റോഡ് വൃത്തിയാക്കി ആദിവാസികള്‍
മൂന്ന് ദിവസം കൊണ്ട് നാലു കി.മീ റോഡാണ് പ്രദേശവാസികള്‍ വൃത്തിയാക്കിയത്
അല്ലൂരി സീതാരാമ രാജു: കല്ലും മുള്ളും നിറഞ്ഞ് ദുഷ്കരമായ വഴിയിലൂടെയായിരുന്നു ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഒരു ചെറിയ കുഗ്രാമമായ നീരേഡു ബന്ദയിലെ കുട്ടികള്‍ സ്കൂളിലേക്ക് പോയിരുന്നത്. നടന്നു പോകാന്‍ സാധിക്കാത്തതിനാല്‍ മുതിര്‍ന്നവര്‍ കുട്ടികളെ കുതിരപ്പുറത്താണ് സ്കൂളിലെത്തിച്ചിരുന്നത്. അധികാരികളുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഒടുവില്‍ കാടു കയറിയ റോഡ് വൃത്തിയാക്കിയിരിക്കുകയാണ് ഇവിടുത്തെ ആദിവാസികള്‍.
മൂന്ന് ദിവസം കൊണ്ട് നാലു കി.മീ റോഡാണ് പ്രദേശവാസികള്‍ വൃത്തിയാക്കിയത്. ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാ രാമ രാജു ജില്ലയിലെ ചീമലപ്പാട് പഞ്ചായത്തിൽ നിന്ന് 16 കിലോമീറ്ററും രവികമതം മണ്ഡലത്തിൽ നിന്ന് 25 കിലോമീറ്ററും അകലെയാണ്.പ്രിമിറ്റീവ് ട്രൈബൽ ഗ്രൂപ്പ് (പിടിജി) അല്ലെങ്കിൽ പ്രത്യേകിച്ച് ദുർബലരായ ആദിവാസി ഗ്രൂപ്പ് (പിവിടിജി) എന്നിങ്ങനെ തരംതിരിക്കുന്ന കൊണ്ടു ഗോത്രത്തിൽ പെടുന്ന 12 ഓളം കുടുംബങ്ങൾ ഗ്രാമത്തിലുണ്ട്. കുന്നിന്‍ മുകളിലേക്ക് എത്താന്‍ ആകെ ഒരു റോഡ് മാത്രമാണ് ഉള്ളത്.
ഗ്രാമത്തിലെ 15 കുട്ടികളിൽ 12 പേരും ഗ്രാമത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള Z ജോഗംപേട്ടയിലെ എംപി (മണ്ഡല പരിഷത്ത്) എലിമെന്‍ററി സ്കൂളിലാണ് പഠിക്കുന്നത്.രണ്ട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാത കുറ്റിക്കാടുകളും മുള്ളുകളും കൊണ്ട് നിറഞ്ഞിരുന്നു. റോഡ് ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മണ്ഡല് പരിഷത്ത് ഡെവലപ്‌മെന്റ് ഓഫീസറോട് (എംഡിപിഒ) പലതവണ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.അവസാനം ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് റോഡ് വൃത്തിയാക്കുകയായിരുന്നു. "ബ്രിട്ടീഷ് അധിനിവേശ കാലത്ത് കടലാസ് നിർമ്മാണ വ്യവസായങ്ങളിലേക്ക് മുള കൊണ്ടുപോകുന്നതിനായി നിർമ്മിച്ച ഒരു റോഡാണ് ഇപ്പോഴത്തെ പാത. കാലക്രമേണ റോഡ് ശോച്യാവസ്ഥയിലായതിനാൽ ഗതാഗതയോഗ്യമല്ലാതായി. ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെന്റ് ഏജൻസി (ഐടിഡിഎ) ഉദ്യോഗസ്ഥർ പക്ക റോഡുകൾ നിർമിക്കുമെന്ന വാഗ്ദാനം പാലിക്കാത്തതിനാല്‍ ആദിവാസികള്‍ മുന്നോട്ടു വന്ന് റോഡ് നന്നാക്കുകയായിരുന്നു'' ഗിരിജന സംഘം അഞ്ചാം ഷെഡ്യൂൾ സാധന കമ്മിറ്റി ജില്ലാ പ്രസിഡന്റ് കെ ഗോവിന്ദ റാവു പറഞ്ഞു.