ഭക്ഷണത്തില്‍ ഇനി നോ ടെന്‍ഷന്‍; എയർ ഇന്ത്യയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ടാറ്റ
പൊതുമേഖലയിൽനിന്ന് കമ്പനി ഏറ്റെടുക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ച് എയർ ഇന്ത്യാ ജീവനക്കാർക്കെല്ലാം ടാറ്റയുടെ ഇ-മെയിൽ ലഭിച്ചിട്ടുണ്ട്
68 വർഷത്തെ ഇടവേളയ്ക്കുശേഷം എയർ ഇന്ത്യ തിരിച്ചുപിടിച്ചതിനു പിറകെ വിമാനസേവനങ്ങളില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ടാറ്റ ഗ്രൂപ്പ്. വിമാനത്തിൽ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണം ഇനി പഴയ പോലെയാകില്ലെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന. ഭക്ഷണസേവനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഇന്നുതന്നെ നാല് വിമാനങ്ങളിൽ ഇതിന്റെ മാറ്റം കാണാമെന്നുമാണ് കമ്പനി വൃത്തങ്ങള്‍ വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്.
മുംബൈയിൽനിന്നുള്ള നാല് വിമാന സർവീസുകളിലാണ് ആദ്യ മാറ്റങ്ങൾ കൊണ്ടുവരിക. ഇന്നത്തെ എഐ864 മുംബൈ-ഡൽഹി, എഐ687 മുംബൈ, എഐ945 മുംബൈ-അബൂദബി, എഐ639 മുംബൈ-ബംഗളൂരു വിമാനങ്ങളിലാണ് പുതുക്കിയ ഭക്ഷണമെനുവും സർവീസും ആദ്യമായി നടപ്പാക്കുന്നത്. നാളെ മുംബൈയിൽനിന്നു തന്നെയുള്ള വിമാനങ്ങളിലും ഇതു തുടരും. വരുംദിവസങ്ങളലിൽ കൂടുതൽ വിമാനങ്ങളിലും യാത്രക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും.
പൊതുമേഖലയിൽനിന്ന് കമ്പനി ഏറ്റെടുക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ച് എയർ ഇന്ത്യ ജീവനക്കാർക്കെല്ലാം ടാറ്റയുടെ ഇ-മെയിൽ ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രതിച്ഛായയും സമീപനവും പെരുമാറ്റവുമെല്ലാം മാറ്റാൻ പോകുകയാണെന്നും അടുത്ത ഏഴുദിവസം വളരെ പ്രധാനമാണെന്നും ഇ-മെയിലിൽ ജീവനക്കാരോട് ഉണർത്തിയിട്ടുണ്ട്. കാബിൻ ക്രൂവിന്റെ പെരുമാറ്റത്തിലടക്കം മാറ്റംകൊണ്ടുവരുമെന്നും ഇതിനായി പ്രത്യേക പരിശീലനങ്ങൾ നൽകുമെന്നും ഈ വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കാനിരിക്കുന്ന സന്ദീപ് ശർമയും മേഘ സിംഗാനിയയും ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി.
മുഴുവൻ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് ഇന്ന് എയർ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 18,000 കോടി രൂപയ്ക്കാണ് ടാറ്റ പൊതുമേഖലാ വിമാനക്കമ്പനിയെ ഏറ്റെടുത്തത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകളുടെ മുഴുവൻ ഓഹരിയും എയർ ഇന്ത്യയുടെ കാർഗോ വിഭാഗമായ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയുമാണ് കേന്ദ്രസർക്കാർ ടാറ്റയ്ക്ക് കൈമാറിയത്.
കടത്തിൽ മുങ്ങിയ എയർ ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ പലതവണ നടത്തിയ ശ്രമത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബറിലാണ് ടാറ്റ ഗ്രൂപ്പ് ലേലത്തിനെടുത്തത്. എയർ ഇന്ത്യയുടെ ആകെ കടത്തിൽ 15,300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. ടെൻഡർ തുകയിൽ ബാക്കിയുള്ള 2,700 കോടി രൂപ കേന്ദ്രസർക്കാരിന് പണമായി കൈമാറും. സ്പൈസ് ജെറ്റും എയർ ഇന്ത്യ വാങ്ങാനായി ലേലത്തിനുണ്ടായിരുന്നു. യുഎസ് ആസ്ഥാനമായ ഇന്റർ അപ്സ് കമ്പനിയും രംഗത്തുണ്ടായിരുന്നെങ്കിലും ഇടയ്ക്കു വച്ച് പിന്മാറി.
Summary: In first step since Tata takeover, Air India to offer 'enhanced food Service'