ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ്
പെഗാസസ് കേസന്വേഷണത്തിനായി സുപ്രീം കോടതിയുടെ മേൽ നോട്ടത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു
ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസിനെ ഇന്ത്യൻ സർക്കാർ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തൽ. 13,000 കോടി രൂപക്ക് പെഗാസസും മിസൈൽ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നും 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചപ്പോഴാണ് കരാറിൽ ഒപ്പുവെച്ചതെന്നും ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ എക്‌സ്പ്രസാണ് ന്യൂയോർക്ക് ടൈംസിനെ ഉദ്ദരിച്ച് വാർത്ത നൽകിയത്.
2017 ൽ ഇന്ത്യയും ഇസ്രായേലും പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു.ആയുധങ്ങൾ വാങ്ങാനുള്ള കരാറിനൊപ്പമാണ് പെഗാസസ് സോഫ്റ്റ് വെയർ വാങ്ങിയത്. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിനു പിന്നാലെയാണിത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഇസ്രായേൽ പ്രസിഡന്റ് ഇന്ത്യയിലേക്കെത്തുകയും ചെയ്തിരുന്നു. ഇന്ത്യയെ കൂടാതെ ഹോളണ്ടും ഹംഗറിയും ഈ ചാര സോഫ്റ്റ് വെയർ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു. ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ തുടങ്ങിയവർക്കെതിരെ പെഗാസസ് അതിവ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സൗദിയിൽ വധിക്കപ്പെട്ട മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി ഉൾപ്പടെയുള്ളവരുടെ ഫോണുകൾ പെഗാസസ് ചാരവൃത്തിക്കിരയാക്കി. ദി വയർ ഉൾപ്പടെയുള്ള മാധ്യമങ്ങൾ ഇന്ത്യയിൽ ചാരവൃത്തി നടന്നിട്ടുണ്ടെന്ന് 2021 ൽ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല.
പെഗാസസ് കേസന്വേഷണത്തിനായി സുപ്രീം കോടതിയുടെ മേൽ നോട്ടത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. പൗരൻറെ സ്വകാര്യത മാനിച്ചുള്ള അന്വേഷണമായിരിക്കണമെന്നും കോടതി നിർദേശിച്ചതാണ്. പൗരൻറെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. അതേസമയം രാജ്യസുരക്ഷയും പ്രധാനമാണ്. അതുകൊണ്ട് സത്യാവസ്ഥ പുറത്ത് വരണം. രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടാൻ കോടതി ആഗ്രഹിക്കുന്നില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. റിട്ട.ജഡ്ജി ആർ.വി രവീന്ദ്രനാണ് സമിതിയുടെ അധ്യക്ഷൻ. മൂന്ന് സാങ്കേതിക അംഗങ്ങളും സമിതിയിലുണ്ട് .മുൻ ഐ.പി.എസ് ഓഫീസർ, സാങ്കേതിക വിദഗ്ധനായ സുദീപ് ഒബ്രോയി, ഡോ.നവീൻ കുമാർ ചൗധരി,ഡോ.അശ്വിൻ അനിൽ ഗുമസ്‌തെ എന്നിവരും സമിതിയിലുണ്ട്. 2019 മുതലുള്ള മുഴുവൻ വിവരങ്ങളും സമിതിക്ക് കൈമാറാനും കോടതി നിർദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പരിമിത വിവരങ്ങളാണ് സുപ്രിം കോടതിക്ക് ലഭിച്ചിട്ടുള്ളത്. ദേശസുരക്ഷയെന്ന ആശങ്ക ഉയർത്തി ഭരണകൂടത്തിന് രക്ഷപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു