പെട്രോൾ-ഡീസൽ തീവില അടങ്ങുമോ? വൻ വിലക്കുറവിൽ എണ്ണ തരാമെന്ന് റഷ്യ; ഓഫർ സ്വീകരിക്കാന്‍ കേന്ദ്രം

എണ്ണയും മറ്റ് ചരക്കുകളും വൻ വിലക്കുറവില്‍ നല്‍കാമെന്നാണ് റഷ്യ ഇന്ത്യയോട് അറിയിച്ചിരിക്കുന്നതെന്ന് ഒരു കേന്ദ്ര സർക്കാർ വൃത്തത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു

Update: 2022-03-14 15:28 GMT
Editor : Shaheer | By : Web Desk
Advertising

യുക്രൈൻ സൈനികനടപടിക്കു പിന്നാലെ റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര ഉപരോധം ശക്തമാകുന്നതിനിടെ കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ രാജ്യത്തെത്തിക്കാനുള്ള നീക്കവുമായി കേന്ദ്രം. ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കിൽ എണ്ണയും മറ്റ് ചരക്കുകളും നൽകാമെന്ന റഷ്യൻ ഓഫർ കേന്ദ്രസർക്കാർ സ്വീകരിച്ചേക്കുമെന്നാണ് അറിയുന്നത്.

ഇന്ത്യയിൽ ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ രണ്ടു മുതൽ മൂന്നുവരെ ശതമാനം മാത്രമാണ് റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തുവന്നിരുന്നത്. എന്നാൽ, ഈ വർഷം ഇതിനകം തന്നെ എണ്ണവിലയിൽ 40 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. റഷ്യയിൽനിന്ന് കൂടുതൽ കുറഞ്ഞ നിരക്കിൽ അസംസ്‌കൃത എണ്ണ എത്തിക്കാനായാൽ കുതിച്ചുയരുന്ന എണ്ണവിലയെ ഒരുപരിധി വരെയെങ്കിലും പിടിച്ചുകെട്ടാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രമുള്ളത്.

മോഹിപ്പിക്കുന്ന ഓഫർ

എണ്ണയ്ക്കും മറ്റ് ചരക്കുകൾക്കും വൻ വിലക്കുറവാണ് റഷ്യ ഇന്ത്യയ്ക്കു മുന്നിൽ വച്ചിട്ടുള്ളതെന്ന് ഒരു കേന്ദ്ര സർക്കാർ വൃത്തം വെളിപ്പെടുത്തിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അത് സ്വീകരിക്കാനും നമ്മൾ തയാറാണ്. ഇൻഷുറൻസ് പരിരക്ഷ, ചരക്കുനീക്കം അടക്കമുള്ള ചില വിഷയങ്ങൾ പരിഹരിക്കാനുണ്ട്. ഇക്കാര്യത്തിൽ പരിഹാരമായാൽ റഷ്യയുടെ ഓഫർ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മിക്ക ലോകരാജ്യങ്ങളും അന്താരാഷ്ട്ര ഉപരോധം പേടിച്ച് റഷ്യയിൽനിന്ന് ചരക്കുകൾ വാങ്ങുന്നത് നിർത്തിയിരിക്കുകയാണ്. എന്നാൽ, ഉപരോധമൊന്നും ഇന്ത്യയെ ബാധിക്കില്ലെന്നാണ് കേന്ദ്രവൃത്തങ്ങൾ പറയുന്നത്. അതിനാൽ, ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ അനുകൂലമാണ്.

അടുത്ത ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ എണ്ണ ഇറക്കുമതി ബില്ലിൽ 50 ബില്യൻ ഡോളറിന്റെ വർധനയുണ്ടാകുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ട്. റഷ്യയിൽനിന്നും ബെലറൂസിൽനിന്നുമെല്ലാം അസംസ്‌കൃത ധാതുക്കളെത്തിച്ച് ഇതിനെ ചെറിയ നിലയ്‌ക്കെങ്കിലും പ്രതിരോധിക്കാനാകുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.

എണ്ണയെത്തുക രൂപ-റൂബിൾ ഇടപാടിലൂടെ

എണ്ണ അടക്കമുള്ള ചരക്കുകൾ വിദേശത്തുനിന്ന് എത്തിക്കാൻ സാധാരണ ഡോളർ, യൂറോ വിനിമയ കറൻസികളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. എന്നാൽ, റഷ്യയുമായി വ്യാപാര ഇടപാടുകൾ ശക്തമാക്കുമ്പോൾ പുതിയ വിനിമയ രീതിയിലേക്ക് അതു മാറുമെന്നാണ് അറിയുന്നത്.

രൂപ-റൂബിൾ വ്യാപാരമായിരിക്കും ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിൽ നടക്കാൻ പോകുന്നത്. രൂപ-റൂബിൾ വിനിമയ വ്യാപര സംവിധാനം കൊണ്ടുവരാനുള്ള നടപടികൾ ഊർജിതമാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

റഷ്യയുടെ ഏറെക്കാലത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അന്താരാഷ്ട്ര ഉപരോധം ശക്തമാകുന്നതിനിടെ സൗഹൃദരാജ്യങ്ങളുമായെല്ലാം റഷ്യ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ രാജ്യങ്ങളുമായി വ്യാപാര ഇടപാടുകൾ കൂടുതൽ ശക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

യു.എൻ രക്ഷാസമിതിയിലും പൊതുസഭയിലുമെല്ലാം റഷ്യയ്‌ക്കെതിരെ നടന്ന വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. യുക്രൈനുനേരെയുള്ള റഷ്യൻ ആക്രമണത്തെ ശക്തമായ ഭാഷയിൽ ഇന്ത്യ അപലപിക്കുകയും ചെയ്തിട്ടില്ല. പകരം സൈനികനടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ഇന്ത്യ ചെയ്തിട്ടുള്ളത്.

Summary: India is considering taking up a Russian offer to buy its crude oil and other commodities at discounted prices with payment via a rupee-rouble transaction

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News