അതിവേഗത്തിൽ വികസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്തേക്ക്
രണ്ടാം പാദത്തിലും പ്രതീക്ഷിത വളർച്ച ഇന്ത്യയ്ക്ക് നേടാൻ കഴിയില്ലെന്ന് റിപ്പോർട്ടുകളിൽ നിന്നും വ്യക്തം
ഡല്‍ഹി: അതിവേഗത്തിൽ വികസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്തേക്ക്. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദ വാർഷിക വളർച്ച നിരക്കിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിട്ട തിരിച്ചടിയാണ് രാജ്യത്തിന് വിനയായത്. രണ്ടാം പാദത്തിലും പ്രതീക്ഷിത വളർച്ച ഇന്ത്യയ്ക്ക് നേടാൻ കഴിയില്ലെന്ന് റിപ്പോർട്ടുകളിൽ നിന്നും വ്യക്തം.
സാമ്പത്തിക രംഗത്തെ ഇരട്ട അക്ക വളർച്ചയാണ് ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഇന്ത്യ നഷ്ടപ്പെടുത്തിയത്. ആഗോള രംഗത്ത് പ്രാധാന്യമെറിയ വിപണി എന്ന വിഖ്യാതിയും ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമാകും. ഏഷ്യയിലെ തന്നെ ഏറ്റവും അതിവേഗത്തിൽ വളരുന്ന മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ഇന്ത്യയ്ക്ക് തിരിച്ചടിയായത് പണപ്പെരുപ്പവും തൊഴിലില്ലായ്മയുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആർ.ബി.ഐ റിപ്പോർട്ട് പ്രകാരം ഈ മേഖലകളിൽ അനുവദനീയമായ നിരക്കിനും മുകളിലാണ് രാജ്യത്തിന്‍റെ സാമ്പത്തിക രംഗം. 6.2 ശതമാനം ആണ് ഇന്ത്യ ആദ്യ പാദത്തിൽ വരിച്ച വളർച്ച നിരക്ക്. രണ്ടാം പാദത്തിൽ ഇത് 15 . 2 ശതമാനം എങ്കിലും ആയെങ്കിൽ മാത്രമേ നിലവിലെ പട്ടികയിൽ ഇന്ത്യയ്ക്ക് തുടരാൻ കഴിയൂ.
എന്നാൽ പ്രതീക്ഷിത വളർച്ച നിരക്ക് 7.2 ശതമാനം മാത്രമാണ്. ആഗോള സാഹചര്യങ്ങൾ മുൻ നിർത്തി രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർധിക്കാൻ ഉള്ള സാഹചര്യം നിലനിൽക്കെ അതിവേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഇന്ത്യ പുറത്താകാൻ ഉള്ള സാധ്യതയും കൂടുതലാണ്. ഇത് രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കും.