അഞ്ചുമാസത്തിന് ശേഷം 10,000 കടന്ന് പ്രതിദിന കോവിഡ് കേസുകൾ; ഇന്ന് റിപ്പോർട്ട് ചെയ്തത് 12,213 പുതിയ കേസുകൾ
ഇന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ 82.96 ശതമാനം രോഗികളും മഹാരാഷ്ട്ര,കേരളം,ഡല്‍ഹി,കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്
ഡൽഹി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വൻതോതിൽ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 12,213 പുതിയ കേസുകളാണ്. ഫെബ്രുവരിക്ക് ശേഷം ഒരു ദിവസം കോവിഡ് കേസുകൾ 10,000 കടക്കുന്നത് ഇന്നാണ്. ഇന്നലെ റിപ്പോർട്ട് ചെയ്തതിനേക്കാൾ 38.4 ശതമാനം കൂടുതലാണ് ഇന്നത്തെ കേസുകള്‍.
ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,32,57,730 ആയി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 58,215 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്, 4,024 കേസുകൾ. തൊട്ടുപിന്നാലെ കേരളം (3,488), ഡൽഹി (1,375), കർണാടക (648),ഹരിയാന (596) എന്നിവയാണ്. കേരളത്തിൽ മൂന്നും മഹാരാഷ്ട്രയിൽ രണ്ട്, കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഒന്നും വീതം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
മൊത്തം കേസുകളിൽ 82.96 ശതമാനം പുതിയ കേസുകളും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 32.95 ശതമാനവും മഹാരാഷ്ട്രയിൽ നിന്ന് മാത്രമാണ്.അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,624 രോഗികൾ സുഖം പ്രാപിച്ചു. രാജ്യത്ത് മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 4,26,74,712 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,21,942 വാക്‌സിൻ ഡോസുകൾ നൽകിയത്.