റഷ്യയിൽനിന്ന് എണ്ണയെത്തുന്നു; പെട്രോൾ-ഡീസൽ വില കുറയുമോ? കരാറിൽ ഒപ്പുവച്ച് ഐ.ഒ.സി
30 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാനാണ് റഷ്യൻ കമ്പനിയുമായി ഐ.ഒ.സി ധാരണയിലെത്തിയിരിക്കുന്നത്
റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ വാങ്ങാൻ കരാറുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ.ഒ.സി). ഇന്ത്യയ്ക്ക് വിലക്കുറവിൽ എണ്ണ നൽകാമെന്ന റഷ്യയുടെ ഓഫറിനു പിന്നാലെയാണ് റഷ്യൻ കമ്പനിയുമായി ഐ.ഒ.സി കരാറിൽ ഒപ്പുവച്ചത്. 30 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാനാണ് ധാരണയായിരിക്കുന്നത്. എണ്ണ ഇടപാടിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
യുക്രൈൻ സൈനിക നടപടിക്കുപിന്നാലെ റഷ്യയ്ക്കെതിരെ അന്താരാഷ്ട്ര ഉപരോധം ശക്തമാകുന്നതിനിടെയാണ് കുറഞ്ഞ നിരക്കിൽ എണ്ണയും മറ്റ് ചരക്കുകളും നൽകാമെന്ന് റഷ്യൻ വൃത്തങ്ങൾ ഇന്ത്യയെ അറിയിച്ചത്. റഷ്യ ഇക്കാര്യം അറിയിച്ചതിനു പിന്നാലെ തന്നെ അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയുമായിരുന്നു.
വിലക്കയറ്റം തടയാനാകുമോ?
രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ രണ്ടു മുതൽ മൂന്നുവരെ ശതമാനം മാത്രമാണ് റഷ്യയിൽനിന്ന് വാങ്ങിയിരുന്നത്. ഉയർന്ന ഗതാഗതച്ചെലവ് കാരണമാണ് റഷ്യയെ എണ്ണ ഇറക്കുമതിക്ക് കാര്യമായി ആശ്രയിക്കാതിരുന്നത്. എന്നാൽ, റഷ്യ വിലക്കുറവ് പ്രഖ്യാപിച്ചതോടെ വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യാനാകുമെന്നാണ് കരുതപ്പെടുന്നത്.
അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്രതലത്തിൽ ബാരലിന് 100 ഡോളർ കടന്ന് കുതിച്ചുയർന്ന ഘട്ടത്തിലാണ് റഷ്യയിൽനിന്നുള്ള എണ്ണ എത്തിച്ച് വിലക്കയറ്റം കുറക്കാനാകുമെന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നത്. റഷ്യയുടെ യുക്രൈൻ ആക്രമണത്തിനു പിന്നാലെ ബാരലിന് 140 ഡോളർ വരെയായി ക്രൂഡോയിൽ വില കുത്തനെ ഉയർന്നിരുന്നു.
എണ്ണയ്ക്കും മറ്റ് ചരക്കുകൾക്കും വൻ വിലക്കുറവാണ് റഷ്യ ഇന്ത്യയ്ക്കു മുന്നിൽവച്ചിട്ടുള്ളതെന്ന് ഒരു കേന്ദ്ര സർക്കാർ വൃത്തം നേരത്തെ വെളിപ്പെടുത്തിയിയിരുന്നു. ഇൻഷുറൻസ് പരിരക്ഷ, ചരക്കുനീക്കം അടക്കമുള്ള ചില വിഷയങ്ങൾ പരിഹരിക്കാനുണ്ട്. ഇക്കാര്യത്തിൽ പരിഹാരമായാൽ റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മിക്ക ലോകരാജ്യങ്ങളും അന്താരാഷ്ട്ര ഉപരോധം പേടിച്ച് റഷ്യയിൽനിന്ന് ചരക്കുകൾ വാങ്ങുന്നത് നിർത്തിയിരിക്കുകയാണ്. എന്നാൽ, ഉപരോധമൊന്നും ഇന്ത്യയെ ബാധിക്കില്ലെന്നാണ് കേന്ദ്രവൃത്തങ്ങൾ പറയുന്നത്. അതിനാൽ, ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ അനുകൂലമാണ്.
അടുത്ത ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ എണ്ണ ഇറക്കുമതി ബില്ലിൽ 50 ബില്യൻ ഡോളറിന്റെ വർധനയുണ്ടാകുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ട്. റഷ്യയിൽനിന്നും ബെലറൂസിൽനിന്നുമെല്ലാം അസംസ്‌കൃത ധാതുക്കളെത്തിച്ച് ഇതിനെ ചെറിയ നിലയ്ക്കെങ്കിലും പ്രതിരോധിക്കാനാകുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.
രൂപ-റൂബിൾ ഇടപാടില്‍ എണ്ണയെത്തും
എണ്ണ അടക്കമുള്ള ചരക്കുകൾ വിദേശത്തുനിന്ന് എത്തിക്കാൻ സാധാരണ ഡോളർ, യൂറോ വിനിമയ കറൻസികളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. എന്നാൽ, റഷ്യയുമായി വ്യാപാര ഇടപാടുകൾ ശക്തമാക്കുമ്പോൾ പുതിയ വിനിമയ രീതിയിലേക്ക് അതു മാറുമെന്നാണ് അറിയുന്നത്.
രൂപ-റൂബിൾ വ്യാപാരമായിരിക്കും ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിൽ നടക്കാൻ പോകുന്നത്. രൂപ-റൂബിൾ വിനിമയ വ്യാപര സംവിധാനം കൊണ്ടുവരാനുള്ള നടപടികൾ ഊർജിതമാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
റഷ്യയുടെ ഏറെക്കാലത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അന്താരാഷ്ട്ര ഉപരോധം ശക്തമാകുന്നതിനിടെ സൗഹൃദരാജ്യങ്ങളുമായെല്ലാം റഷ്യ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ രാജ്യങ്ങളുമായി വ്യാപാര ഇടപാടുകൾ കൂടുതൽ ശക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
Summary: Indian Oil Corporation Limited has signed a deal with a Russian oil company to import 3 million barrels of crude