ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇളവുമായി റെയിൽവേ; വന്ദേഭാരതിന് ഉൾപ്പെടെ ബാധകം
പ്രധാനമായും എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നൽകുക. ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകൾക്കായിരിക്കും ഇളവ്.
ദില്ലി: സീറ്റൊഴിവുള്ള സർവീസുകളിൽ ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇളവുമായി റെയിൽവേ. പകുതിയിൽ കൂടുതൽ സീറ്റുകൾ ഒഴിവുള്ള സർവീസുകളിൽ 25% വരെ നിരക്ക് ഇളവ് നൽകും. മിനിമം ചാർജിലാണ് ഇളവ് ബാധകം. പ്രധാനമായും എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നൽകുക. ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകൾക്കായിരിക്കും ഇളവ്. ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തിൽ വരും റെയിൽവെ അറിയിച്ചു. വന്ദേഭാരത് ഉൾപ്പെടെയുളള ട്രെയ്നുകൾക്കും ബാധകമായിരിക്കും.
ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ഈ പദ്ധതി ആവിഷ്കരിക്കുക. ഒരു വര്‍ഷത്തേക്കാണ് ഇത്തരത്തിലൊരു പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 25 ശതമാനം വരെ എസി ചെയര്‍ കാറുകള്‍ക്കടക്കം നിരക്ക് കുറക്കാനുള്ള നിര്‍ദ്ദേശമാണ് സോണല്‍ റെയില്‍വേകള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. യാത്രക്കാരെ കൂടുതൽ സ്വാഗതം ചെയ്യുന്ന നിലപാടുമായിട്ടാണ് റെയിൽവേ മുന്നോട്ട് വരുന്നത്. ചില ട്രെയിൻ സർവീസുകളിൽ യാത്രക്കാർ കുറവുണ്ടെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.