രാഹുൽ ഗാന്ധിക്ക് കുട്ടികളുണ്ടാവില്ലെന്ന് അധിക്ഷേപം: ബി.ജെ.പി നേതാവിന് കോൺഗ്രസിന്‍റെ മറുപടി
''വിഡ്ഢിത്തങ്ങൾ എപ്പോഴും ഭീരുക്കളുടെയും വിഡ്ഢികളുടെയും അഭയകേന്ദ്രമാണ്. ബിജെപിയുടെ അടിസ്ഥാന സ്വഭാവവും ഇത് തന്നെയാണ്''
രാമനഗര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിയധിക്ഷേപം നടത്തിയ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. നളിൻ കുമാർ കട്ടീലിന്റെ പ്രസ്താവനയിൽ പ്രകോപിതനായ കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല അദ്ദേഹത്തെ 'ബിജെപിയുടെ സർക്കസിലെ ഒരു ജോക്കർ' എന്നാണ് വിശേഷിപ്പിച്ചത്. കുട്ടികളുണ്ടാകാത്തതിനാലാണ് രാഹുൽ വിവാഹം കഴിക്കാത്തത്. കോവിഡ് വാക്‌സിനെടുത്താൽ വന്ധ്യത വരുമെന്നാണ് പ്രതിപക്ഷ നേതാക്കൾ വിശ്വസിച്ചിരുന്നതെന്നും നളിൻ കുമാർ കട്ടീൽ ആക്ഷേപിച്ചിരുന്നു.
ഞായറാഴ്ച രാമനഗരയിൽ ബിജെപിയുടെ 'ജനസങ്കൽപ യാത്ര'യ്ക്കിടെ, കോവിഡ് വാക്‌സിനുകൾ നൽകരുതെന്ന് രാഹുൽ ഗാന്ധി ജനങ്ങളോട് അഭ്യർത്ഥിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. 'രാഹുൽ ഗാന്ധി എന്താണ് പറഞ്ഞത്? കുട്ടികളെ ജനിപ്പിക്കാൻ കഴിയാത്തതിനാൽ കോവിഡ് വാക്സിൻ എടുക്കരുതെന്ന് രാഹുൽ ഗാന്ധിയും കർണ്ണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ രാഹുലും സിദ്ധരാമയ്യയും രഹസ്യമായി രാത്രി വാക്സിൻ എടുത്തു,' നളിൻ കുമാർ പറഞ്ഞു.
'ആരും തന്നെ ശ്രദ്ധിക്കാത്തതിനാൽ, വാർത്തകളിൽ ഇടംപിടിക്കാൻ അദ്ദേഹം മണ്ടൻ പ്രസ്താവനകൾ നടത്തുന്നു. ഇത്തരം വിഡ്ഢിത്തങ്ങൾ എപ്പോഴും ഭീരുക്കളുടെയും വിഡ്ഢികളുടെയും അഭയകേന്ദ്രമാണ്. ബിജെപിയുടെ അടിസ്ഥാന സ്വഭാവവും ഇത് തന്നെയാണ്. അവർ ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും അപമാനിക്കും. ശാസ്ത്രീയ മനോഭാവത്തെ അവർ എതിർക്കും. അവർ യാഥാസ്ഥിതികതയെ പ്രോത്സാഹിപ്പിക്കും. അവരെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് തള്ളിക്കളയണം.' രൺദീപ് സിങ് സുർജേവാല കൂട്ടിച്ചേർത്തു.