യുവാവിനെ കുനിച്ച് നിർത്തി ലാത്തികൊണ്ട് മർദനം: ആന്ധ്രാപ്രദേശിലെ കോളജിലുണ്ടായ സംഘർഷം രാഷ്ട്രീയ വിവാദത്തിലേക്ക്

ആറ് വിദ്യാർഥികൾ കൂട്ടം ചേർന്ന് യുവാക്കളെ ഹോസ്റ്റൽ മുറിയിൽ വെച്ച് ലാത്തികൊണ്ട് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

Update: 2024-07-25 15:57 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശ്രീസുബ്ബരായ ആന്റ് നാരായണ കോളജിലുണ്ടായ ആക്രമണത്തിൽ ആറ് പേരെ തിരിച്ചറിഞ്ഞു. ഒരാൾ പിടിയിൽ. റാഗിങ്ങിന്റെ പേരിൽ മുതിർന്ന വിദ്യാർഥികൾ പുതുതായെത്തിയ കുട്ടികളെ മർദിക്കുന്നതിന്റെ ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് നടപടി.

ആറ് വിദ്യാർഥികൾ കൂട്ടം ചേർന്ന് യുവാക്കളെ ഹോസ്റ്റൽ മുറിയിൽ വെച്ച് ലാത്തിവെച്ച് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് പേർക്ക് സാരമായി പരിക്കേറ്റതായാണ് വിവരം. അതേസമയം ഇത് ഫെബ്രുവരിയിൽ നടന്ന സംഭവമാണെന്നും ഇപ്പോഴാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതെന്നും പൊലീസ് അറിയിച്ചു. മർദനമേറ്റ വിദ്യാർഥികൾ ഭയത്താലാകാം പരാതിയൊന്നും നൽകിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ബിരുദ വിദ്യാർഥികളാണ് മർദിച്ചതെന്നാണ് വിവരം. വിദ്യാർഥികൾക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

പ്രശ്‌നം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും തിരികൊളുത്തി. പ്രതിപക്ഷമായ വൈഎസ് ആർ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി ഭരണകക്ഷിയായ തെലുങ്കു ദേശം പാർട്ടിയെ രൂക്ഷമായി വിമർശിച്ചു. ഇതാണ് നമ്മുടെ നാട്ടിലെ ക്രമസമാധാനം എന്നായിരുന്നു മർദന ദൃശ്യം പങ്കുവെച്ച് വൈ എസ് ആർ കോൺഗ്രസ് പ്രതികരിച്ചത്. ആഭ്യന്തരമന്ത്രി അനിത വങ്കൽപുടിയെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. പിന്നാലെ അനിതയും പ്രതികരണവുമായി രംഗത്ത് വന്നു. ഇത് നടന്നത് വൈഎസ് ആർ കോൺഗ്രസിന്റെ ഭരണ സമയത്തായിരുന്നുവെന്നും ടിഡിപി സർക്കാർ രൂപീകരിച്ചത് ജൂണിലാണെന്നും അവർ മറുപടി നൽകി. നുണ പ്രചാരണം നടത്തുകയാണെന്നും ഇതെല്ലാം വൈഎസ് ആർ കോൺഗ്രസിന്റെ ഭരണവീഴ്ചയാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അനിത വങ്കൽപുടി പറഞ്ഞു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News