കള്ളപ്പണം വെളുപ്പിക്കൽ: ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ജാമ്യ കാലാവധി നീട്ടി
2023 സെപ്റ്റംബറിലാണ് ഇ.ഡി ഗോയലിനെ അറസ്റ്റ് ചെയ്തത്
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന്റെ താൽക്കാലിക ജാമ്യ കാലാവധി നീട്ടി ബോംബെ ഹൈക്കോടതി. മെയ് മാസത്തിൽ അനുവദിച്ച ജാമ്യമാണ് വീണ്ടും നീട്ടിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2023 സെപ്റ്റംബർ 1 നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ജെറ്റ് എയർവേയ്‌സിന് കാനറ ബാങ്ക് നൽകിയ 538.62 കോടി രൂപയുടെ വായ്‌പകൾ തട്ടിയെടുക്കുകയും പണം വെളുപ്പിക്കുകയും ചെയ്‌തുവെന്നായിരുന്നു ഇഡിയുടെ ആരോപണം.
സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എൻ.ജെ. ജമാദാർ മുമ്പാകെ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഗോയൽ നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണ് കോടതി നടപടി. അർബുദ ബാധിതയായ ഭാര്യ മരിച്ചത് അദ്ദേഹത്തെ മാനസികമായും ശാരീരികമായും തളർത്തിയിട്ടുണ്ടെന്നും അർബുദ ബാധിതനായ ഗോയലിന്റെ ആരോഗ്യാവസ്ഥ മോശമാണെന്നുമായിരുന്നു സത്യവാങ്മൂലം.