അസം പൊലീസ് അറസ്റ്റ് ചെയ്ത ജിഗ്നേഷ് മേവാനിക്ക് ജാമ്യം
പ്രധാനമന്ത്രിയെ വിമർശിച്ച കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ഈ കേസിൽ മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്
അസം: അസം പൊലീസ് അറസ്റ്റ് ചെയ്ത ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്ക് ജാമ്യം. പൊലിസുകാരിയോട് മോശമായി പെരുമാറിയെന്ന കേസിലാണ് അസം കോടതി ജാമ്യം അനുവദിച്ചത്. പ്രധാനമന്ത്രിയെ വിമർശിച്ച കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ഈ കേസിൽ മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
മേവാനിയുടെ ജാമ്യാപേക്ഷ അസമിലെ ബാർപേട്ട ജില്ലയിലെ പ്രാദേശിക കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് മേവാനിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ പൊതുമധ്യത്തിൽ അസഭ്യം പറയുകയും സ്വമേധയാ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ബർപേട്ട പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 21നാണ് കേസ് രജിസ്റ്റർ ചെയ്തത്. കയ്യേറ്റ ശ്രമം, പൊതുസ്ഥലത്ത് അശ്ലീല പദങ്ങളുപയോഗിച്ചോ പ്രവൃത്തി കാണിച്ചോ അപമാനിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മേവാനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുജറാത്തിലെ പാലംപൂരിൽനിന്ന് ഒരു സംഘം അസം പൊലീസ് ജിഗ്നേഷ് മേവാനിയെ ആദ്യം അറസ്റ്റ് ചെയ്തത്. അസമിലെ കൊക്രജാറിൽനിന്നുള്ള പ്രാദേശിക ബി.ജെ.പി നേതാവ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദത്തിനും അഭ്യർഥിക്കണമെന്നായിരുന്നു മേവാനിയുടെ ട്വീറ്റ്. സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് കാട്ടി അസം സ്വദേശി അനുപ് കുമാർ ദേ എന്നയാളാണ് ട്വീറ്റ് കാണിച്ച് മേവാനിക്കെതിരെ പരാതി നൽകിയിരുന്നത്.
Jignesh Mewani released on bail