ദീപാവലിക്ക് 5 ജി 'പൊട്ടിക്കാൻ' ജിയോ; പ്രഖ്യാപനവുമായി മുകേഷ് അംബാനി
2023 ഡിസംബറോടെ മുഴുവൻ പാൻ ഇന്ത്യ കവറേജും ലഭ്യമാക്കാനും പദ്ധതി
മുംബൈ: തെരഞ്ഞെടുത്ത നാല് നഗരങ്ങളിൽ ദീപാവലിക്ക് ജിയോയുടെ 5 ജി സേവനം ലഭ്യമാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഒക്ടോബർ അവസാനത്തോടെ 5 ജി എത്തുന്നത്. 2023 ഡിസംബറോടെ മുഴുവൻ പാൻ ഇന്ത്യ കവറേജും ലഭ്യമാക്കാൻ ജിയോ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. ജിയോയുടെ 45-ാം വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
'ജിയോ 5ജി യഥാർത്ഥ 5ജി ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ജിയോയുടെ 4ജി,ജിയോ ഫൈബർ എന്നിവ പോലെത്തന്നെ ജിയോ 5ജിയും മികച്ച നിലവാരത്തിലായിരിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. "ഇന്ന്, ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ, പ്രത്യേകിച്ച് ഫിക്സഡ് ബ്രോഡ്ബാൻഡിൽ ജിയോ സൃഷ്ടിക്കുന്ന അടുത്ത കുതിപ്പ് പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതാണ് ജിയോയുടെ 5 ജി സേവനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ആഗോള വിപണിയിൽ ഡിജിറ്റൽ ആയിട്ടുള്ള എല്ലാ കാര്യങ്ങളിലും പരിഹാരമായി മാറുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു
അടുത്തിടെ നടന്ന സ്‌പെക്‌ട്രം ലേലത്തിൽ ഏറ്റവും കൂടുതൽ ലേലം വിളിച്ചത് റിലയൻസ് ജിയോ ഇൻഫോകോം ആയിരുന്നു 24,740 മെഗാഹെർട്‌സ് ആണ് റിലയൻസ് ജിയോ ഇൻഫോകോം സ്വന്തമാക്കിയത്.