'അയാൾ എന്റെ ബന്ധുവാണ്'; തല്ലിയതിനെ ന്യായീകരിച്ച് ശിവകുമാർ
പ്രവർത്തകനെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേരാണ് ശിവകുമാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്
ശിരീരത്തിൽ കൈവെച്ച പാർട്ടി പ്രവർത്തകനെ തല്ലിയതിൽ വിശദീകരണവുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ. തന്റെ ബന്ധുവായ വ്യക്തിയെയാണ് തല്ലിയതെന്ന് ശിവകുമാർ പറഞ്ഞു. തല്ലുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേരാണ് ശിവകുമാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് വിശദീകരണം.
'അയാള്‍ എന്‍റെ ബന്ധുവാണ്. അദ്ദേഹം എന്നെ ചീത്ത വിളിച്ചാല്‍ ഞാന്‍ കേള്‍ക്കും, ഞാനും അയാളെ ചീത്തവിളിക്കും, അയാള്‍ കേള്‍ക്കും. കാരണം പ്രശ്നം ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലാണ്.'– ശിവകുമാര്‍ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന മുൻ എം.പി.മാദേഗൗഡയെ സന്ദർശിച്ച് ശിവകുമാറും പ്രവർത്തകരും മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം.
കൂട്ടത്തോടെ നടന്നുപോകുന്നതിനിടെ ഒരു പ്രവർത്തകൻ ശിവകുമാറിന്‍റെ ശരീരത്തിൽ കൈവെക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം കൈ തട്ടിമാറ്റുകയും ഇടതുകൈ കൊണ്ട് പ്രവർത്തകന്‍റെ കരണത്തടിക്കുകയും ചെയ്തു. ശിവകുമാർ പ്രവർത്തകനെ അടിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
Karnataka CONgress President @DKShivakumar SLAPS his party worker in full public view.
— C T Ravi 🇮🇳 ಸಿ ಟಿ ರವಿ (@CTRavi_BJP) July 10, 2021
If this is how the "former shishya" of Kotwal Ramachandra treats his party worker, one can imagine what he would do with Others.
Have you given DKS the "licence for violence", @RahulGandhi? pic.twitter.com/JuuSBsALwG
'ഈ സ്ഥലത്ത് എന്തിനാണ് ഇങ്ങനെ പെരുമാറിയത്? നിങ്ങള്‍ക്ക് ഞാൻ എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. പക്ഷേ, ഇങ്ങനെ ചെയ്യാമെന്ന് അതിനർഥമില്ല' എന്നും ശിവകുമാർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്വന്തം പ്രവര്‍ത്തകരോട് പോലും ഡി.കെ. ശിവകുമാറിന്‍റെ പെരുമാറ്റം നിന്ദ്യമാണെന്നും അഹങ്കാരത്തോടെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ബി.ജെ.പി വക്താവ് എസ്. പ്രകാശ് കുറ്റപ്പെടുത്തി. പൊതുജീവിതത്തിൽ പുലർത്തേണ്ട യാതൊരു മാന്യതയും പാലിക്കാത്ത ഇത്തരത്തിലുള്ള വ്യക്തിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളുടെ കൈ ഡി.കെ. ശിവകുമാര്‍ തട്ടിമാറ്റിയത് വിവാദമായിരുന്നു.