ഹിന്ദുത്വ പ്രതിഷേധം; കലബുറഗി റെയിൽവേ സ്റ്റേഷന്‍റെ പച്ചനിറം മാറ്റി

പച്ചനിറം കാരണം റെയിൽവേ സ്റ്റേഷൻ പള്ളിയെപ്പോലെ തോന്നിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം

Update: 2022-12-13 13:29 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: ഹിന്ദുത്വ പ്രതിഷേധത്തെ തുടർന്ന് റെയിൽവേ സ്റ്റേഷന്റെ നിറം മാറ്റി. കലബുറഗി റെയിൽവേ സ്റ്റേഷന്റെ പച്ച നിറത്തിലുള്ള പെയിന്റാണ് വെള്ള നിറമാക്കിയത്. പെയിന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജാഗരൻ വേദികെ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.

പച്ചനിറത്തിലുള്ള റെയിൽവേ സ്റ്റേഷൻ മുസ്‌ലിം പള്ളിയെപ്പോലെ തോന്നിപ്പിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വ സംഘത്തിന്റെ പ്രതിഷേധം. റെയിൽവേയിലുള്ള താഴികക്കൂടങ്ങൾകൂടി ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. കഴിഞ്ഞ ദിവസം റെയിൽവേയ്ക്കു മുന്നിലും പ്രതിഷേധം നടന്നിരുന്നു. പെയിന്റിന്റെ നിറം 15 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ കാവിനിറം അടിക്കുമെന്ന് മുന്നറിയിപ്പുമുണ്ടായിരുന്നു.

പച്ചയല്ലാത്ത എന്തു നിറവും റെയിൽവേയ്ക്ക് അടിക്കാമെന്ന് പ്രതിഷേധത്തിനു നേതൃത്വം നൽകിയ ലക്ഷ്മികാന്ത സാധ്വി പറഞ്ഞു. കർണാടക പതാകയുടെ നിറമായ മഞ്ഞ, ചുവപ്പ് നിറങ്ങളും ഉപയോഗിക്കാവുന്നതാണ്. ഇല്ലെങ്കിൽ കാവിനിറം അടിക്കുമെന്നും ഇദ്ദേഹം മുന്നറിയിപ്പു നൽകി.

പ്രതിഷേധത്തിനു പിന്നാലെ റെയിൽവേയ്ക്ക് വെള്ളനിറം അടിക്കുകയായിരുന്നു. ഉന്നതതലങ്ങളിൽനിന്നുള്ള നിർദേശത്തെ തുടർന്നാണ് നിറം മാറ്റിയതെന്ന് റെയിൽവേവൃത്തങ്ങൾ പ്രതികരിച്ചു. എൻജിനീയർമാരുടെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഇവർ വിശദീകരിച്ചു.

Summary: The Kalaburagi railway station was repainted to white from green after pressure from the right-wing Hindu organisation Hindu Jagaran Vedike

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News