വധഭീഷണിയെന്ന പരാതിയുമായി കങ്കണ; കേസെടുത്തു

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോള്‍ ഇന്ത്യയെ ജിഹാദി രാജ്യമെന്നാണ് കങ്കണ വിശേഷിപ്പിച്ചത്

Update: 2021-11-30 08:35 GMT
Advertising

തനിക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത് പൊലീസ് സ്റ്റേഷനില്‍. ഹിമാചല്‍പ്രദേശിലെ സ്റ്റേഷനിലാണ് കങ്കണ പരാതി നല്‍കിയത്. കര്‍ഷക സമരത്തെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ പേരിലാണ് തനിക്കുനേരെ വധഭീഷണിയെന്നും കങ്കണ പറയുന്നു.

എഫ്‌ഐആറിന്‍റെ പകര്‍പ്പ് പങ്കുവെച്ചു കങ്കണ റണാവത്ത് കുറിച്ചതിങ്ങനെ- "മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട്, രാജ്യദ്രോഹികളോട് ഒരിക്കലും ക്ഷമിക്കുകയോ മറക്കുകയോ ചെയ്യരുത് എന്നാണ് ഞാൻ എഴുതിയത്. ഇത്തരത്തിലുള്ള സംഭവങ്ങളിൽ രാജ്യത്തിനുള്ളിലെ വഞ്ചകര്‍ക്ക് പങ്കുണ്ട്. പണത്തിനും ചിലപ്പോൾ സ്ഥാനത്തിനും അധികാരത്തിനും വേണ്ടി രാജ്യദ്രോഹികൾ ഭാരതാംബയെ അപകീര്‍ത്തിപ്പെടുത്തുന്നു. അവര്‍ ദേശവിരുദ്ധ ശക്തികളെ ഗൂഢാലോചനകളില്‍ സഹായിക്കുന്നു. എന്‍റെ വാക്കുകളെ ചൊല്ലിയാണ് വധഭീഷണി. ബതിൻഡയിലെ ഒരു സഹോദരൻ എന്നെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തി. ഇത്തരത്തിലുള്ള ഭീഷണികളെ ഞാൻ ഭയപ്പെടുന്നില്ല. ഭീഷണിക്കെതിരെ ഞാൻ കേസ് കൊടുത്തിട്ടുണ്ട്. പഞ്ചാബ് സർക്കാരും ഉടൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യമാണ് എനിക്ക് പരമപ്രധാനം. രാജ്യത്തിനായി എന്തു ത്യാഗത്തിനും ഞാന്‍ തയ്യാറാണ്. ഭയപ്പെടില്ല. രാജ്യതാൽപ്പര്യം കണക്കിലെടുത്ത് ഞാൻ രാജ്യദ്രോഹികൾക്കെതിരെ തുറന്ന് സംസാരിക്കും."

ഇക്കാര്യത്തിൽ നടപടിയെടുക്കാൻ പഞ്ചാബ് സർക്കാരിനോട് നിർദേശിക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയോടും കങ്കണ റണാവത്ത് അഭ്യര്‍ഥിച്ചു- "നിങ്ങളും (സോണിയ ഗാന്ധി) ഒരു സ്ത്രീയാണ്, നിങ്ങളുടെ ഭര്‍ത്താവിന്‍റെ അമ്മ ഇന്ദിരാഗാന്ധി അവസാന നിമിഷം വരെ ഈ ഭീകരതയ്‌ക്കെതിരെ ശക്തമായി പോരാടി. അത്തരം തീവ്രവാദികളിൽ നിന്നുള്ള ഭീഷണികള്‍ക്കെതിരെ ഉടൻ നടപടിയെടുക്കാൻ പഞ്ചാബ് മുഖ്യമന്ത്രിയോട് നിർദേശിക്കുക."

വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഭീഷണികളെന്നും കങ്കണ റണവത്ത് ആരോപിച്ചു- "പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു. എന്‍റെ ചില വാക്കുകൾ സന്ദർഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നു. ഭാവിയിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, വിദ്വേഷത്തിന്‍റെ രാഷ്ട്രീയക്കാരാവും ഉത്തരവാദികള്‍."

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോള്‍ ഇന്ത്യയെ ജിഹാദി രാജ്യമെന്നാണ് കങ്കണ വിശേഷിപ്പിച്ചത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സിഖ് സമുദായത്തെ ഖലിസ്ഥാനികളെന്ന് പറഞ്ഞ് അധിക്ഷേപിച്ചതില്‍ കങ്കണക്കെതിരെ നേരത്തെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News