ഓർഡിനൻസിന് ഗവർണറുടെ അനുമതി; കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ

ഓർഡിനൻസിന് അംഗീകാരം നൽകരുതെന്ന് കഴിഞ്ഞ ദിവസം ബംഗളൂരു ആർച്ച്ബിഷപ്പ് പീറ്റർ മച്ചാഡോ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു

Update: 2022-05-18 11:53 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: കഴിഞ്ഞയാഴ്ച പ്രത്യേക ഓർഡിനൻസിലൂടെ കർണാടക സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന ബില്ലിന് അനുമതി നൽകി ഗവർണർ. കർണാടക റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജ്യൻ എന്ന പേരിലുള്ള ബില്ലിനാണ് കർണാടക ഗവർണർ തവാർചന്ദ് ഗെഹ്ലോട്ട് പച്ചക്കൊടി കാട്ടിയത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് നിർബന്ധിത മതപരിവർത്തനം നിരോധിച്ചുകൊണ്ടുള്ള ബിൽ ഔദ്യോഗികമായി നിയമമായത്.

നിയമവിരുദ്ധമായ മതംമാറ്റം തടയാനെന്ന പേരിൽ അവതരിപ്പിച്ച ബിൽ 2021 ഡിസംബറിലാണ് കർണാടക നിയമസഭയിൽ പാസായിരുന്നു. എന്നാൽ, ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്ത നിയമസഭാ കൗൺസിലിൽ ബിൽ പാസാക്കാനായിരുന്നില്ല. തുടർന്നാണ് സഭാ സമ്മേളനം നീട്ടിവച്ചതു ചൂണ്ടിക്കാട്ടി പ്രത്യേക ഓർഡിനൻസിലൂടെ മേയ് 12ന് ബസവരാജ് ബൊമ്മൈ സർക്കാർ ബിൽ പാസാക്കിയത്. മന്ത്രിസഭാ യോഗം ചേർന്നായിരുന്നു ഓർഡിനൻസിന് അംഗീകാരം നൽകിയത്.

ഓർഡിനൻസിലൂടെ ബിൽ പാസാക്കാൻ സർക്കാർ കാണിച്ച തിടുക്കം ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഓർഡിനൻസിന് അംഗീകാരം നൽകരുതെന്ന് കഴിഞ്ഞ ദിവസം ബംഗളൂരു ആർച്ച്ബിഷപ്പ് പീറ്റർ മച്ചാഡോ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. യുവാക്കൾക്ക് ജോലി നൽകുന്ന വിഷയത്തിലോ വികസന പദ്ധതികൾ നടപ്പാക്കാനോ ഒക്കെയാണ് ഓർഡിനൻസ് അവതരിപ്പിക്കേണ്ടതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ പ്രതികരിച്ചു. എന്തിനാണ് സർക്കാർ ഇത്ര തിടുക്കം കാണിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നിയമപ്രകാരം നിർബന്ധിത പരിവർത്തനം നടത്തിയാൽ അഞ്ചു വർഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവർത്തനം നടത്തിയാൽ പത്തു വർഷം വരെ തടവും ഒരു ലക്ഷം വരെ പിഴയുമാണ് നിയമത്തിൽ പറയുന്ന ശിക്ഷ.

Summary: Karnataka Right to Freedom of Religion Bill, 2021, also known as the anti-conversion bill, finally became a law after the ordinance got an official nod from Karnataka Governor Thaawarchand Gehlot

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News