കര്‍ണാടക ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസിലേക്ക്

സ്പീക്കര്‍ വിശ്വേശര്‍ ഹെഡ്ഡെ കഗേരിയെ ഓഫീസില്‍ സന്ദര്‍ശിച്ചാണ് രാജിക്കത്ത് നല്‍കിയത്

Update: 2023-04-01 02:20 GMT
Editor : Jaisy Thomas | By : Web Desk

ഗോപാലകൃഷ്ണ

Advertising

ബെംഗളൂരു: കര്‍ണാടക ബി.ജെ.പി എം.എല്‍.എ ഗോപാലകൃഷ്ണ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. വെള്ളിയാഴ്ചയാണ് രാജി സമര്‍പ്പിച്ചത്. സ്പീക്കര്‍ വിശ്വേശര്‍ ഹെഡ്ഡെ കഗേരിയെ ഓഫീസില്‍ സന്ദര്‍ശിച്ചാണ് രാജിക്കത്ത് നല്‍കിയത്.കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

എം.എൽ.എ കോൺഗ്രസുമായി ബന്ധപ്പെട്ടിരുന്നുവെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് മത്സരിക്കാൻ ടിക്കറ്റ് തേടിയിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.കോണ്‍ഗ്രസ് നേതാക്കളായ ഡി കെ ശിവകുമാറിനെയും സിദ്ധാരാമയ്യയെയും ഗോപാലകൃഷ്ണ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ടിക്കറ്റ് വാഗ്ദാനം ചെയ്ത് ബി.ജെ.പി എം.എൽ.എമാരെ കോൺഗ്രസ് വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ഗോപാലകൃഷ്ണയുടെ രാജി.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഗോപാലകൃഷ്ണ മൊലക്കല്‍മുരു മണ്ഡലത്തില്‍ നിന്ന് നാല് തവണ എം.എല്‍. എയായിട്ടുണ്ട്. 1997, 1999, 2004, 2008 തെരഞ്ഞെടുപ്പുകളിലാണ് ഗോപാലകൃഷ്ണ വിജയിച്ചത്. 2018ല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. മുതിര്‍ന്ന നേതാവ് ശ്രീരാമലു മൊലക്കല്‍മുരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് ഗോപാലകൃഷ്ണക്ക് വിജയനഗര ജില്ലയിലെ കുഡ്ലിഗി മണ്ഡലം നല്‍കുകയായിരുന്നു. അവിടെ നിന്നാണ് ഗോപാലകൃഷ്ണ വീണ്ടും നിയമസഭയിലെത്തിയത്. നേരത്തെ ബി.ജെ.പി എം. എല്‍.സിമാരായിരുന്ന രണ്ട് നേതാക്കള്‍ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ജനതാദള്‍ എസ് എം.എല്‍.എ ആര്‍ ശ്രീനിവാസ് വ്യാഴാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

മെയ് 10ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 13ന് പ്രഖ്യാപിക്കും.224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ സഭയുടെ കാലാവധി 2023 മെയ് 24 ന് അവസാനിക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News