'ഡി.കെ'യുടെ തട്ടകവും വീണു; പ്രതീക്ഷിച്ച പ്രകടനമില്ലാതെ കോൺഗ്രസ്, കർണാടകയിൽ സംഭവിച്ചത്...
സ്വന്തം തട്ടകത്തിൽ സഹോദരനേറ്റ തോൽവിയുടെ ഞെട്ടലിലാണ് ഡി.കെ ശിവകുമാർ. പാർട്ടിയുടെ ഏക സിറ്റിങ് എം.പി കൂടിയാണ് തോറ്റത്
ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ കണ്ട സംസ്ഥാനമായിരുന്നു കർണാടക. സംസ്ഥാന ഭരണവും സിദ്ധരാമയ്യ-ഡി.കെ ശിവകുമാർ- എന്നിവരുടെ നേതൃമികവുമൊക്കെ കൂട്ടി 20 സീറ്റിലെങ്കിലും ജയിക്കാമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ നീക്കങ്ങളെല്ലാം പാളി. രണ്ടക്കം കടന്നത് പോലുമില്ല. സംസ്ഥാനത്തെ ആകെയുള്ള 28 സീറ്റിൽ കോൺഗ്രസിന് ഒമ്പത് സീറ്റുകളെ നേടാനായുള്ളൂ. 17 സീറ്റുമായി ബി.ജെ.പി മുന്നേറിയപ്പോൾ സഖ്യകക്ഷിയായ ജെ.ഡി.എസ് രണ്ട് സീറ്റുകൾ നേടി.
ഭരണമുണ്ടായിട്ടും എങ്ങനെ അടിതെറ്റി എന്ന് തലപുകഞ്ഞ് ചിന്തിക്കുകയാണ് കോൺഗ്രസ് നേതൃത്വം. അതേസമയം മുന്നേറിയെങ്കിലും 2019ലെ പ്രകടനം ആവർത്തിക്കാൻ ബി.ജെ.പിക്കും കഴിഞ്ഞില്ല. കന്നത്ത മോദി തരംഗത്തിൽ അന്ന് 25 സീറ്റുകൾ നേടിയപ്പോൾ ഇക്കുറി നേടാനായത് 17 എണ്ണം മാത്രം. എട്ട് സീറ്റുകൾ കുറക്കാനായി എന്ന് പറഞ്ഞ് കോൺഗ്രസിന് ആശ്വസിക്കാം.
പൊരിഞ്ഞ പോരിനൊടുവിൽ ബി.ജെ.പിയേയും ജെ.ഡി.എസിനsയും വീഴ്ത്തിയാണ് കോൺഗ്രസ് സംസ്ഥാന ഭരണം പിടിക്കുന്നത്. ഈ ബലത്തിലായിരുന്നു ലോക്സഭയിലേക്ക് കോൺഗ്രസ് കണ്ണുവെച്ചിരുന്നത്. ഒപ്പം സര്‍ക്കാറിന്റെ അഞ്ചിന ജനപ്രിയ പദ്ധതികൾ വോട്ടായി മാറുമെന്നും പ്രതീക്ഷിച്ചു. എന്നാൽ കാര്യമായി ഒന്നും സംഭവിച്ചില്ല, 2019ല്‍ ഒരു സീറ്റെ ഉണ്ടായിരുന്നുള്ളൂ. അത് ഒമ്പതാക്കി വര്‍ധിപ്പിക്കാനായി. രണ്ടക്കം കടക്കാനാവാത്തത് പോരായ്മയാണെങ്കിലും 2019നെ അപേക്ഷിച്ച് എട്ട് സീറ്റുകള്‍ കൂടി എന്ന് പറഞ്ഞ് ആശ്വസിക്കാം. ജെ.ഡി.എസും ബി.ജെ.പിയും സഖ്യം ചേർന്നിട്ടും ഒന്നിൽ നിന്ന് ഒമ്പതിലെത്തിച്ചു എന്നത് കോണ്‍ഗ്രസിന്റെ നേട്ടം തന്നെയാണ്.
സംസ്ഥാന ഭരണവും ജനപ്രിയ പദ്ധതികൾക്കും പുറമെ കോൺഗ്രസിന് സീറ്റ് കൂടാൻ സംസ്ഥാനത്ത് വേറെയും കാരണങ്ങൾ ഉണ്ടായിരുന്നു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.എസിന്റെ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസായിരുന്നു അതില്‍ പ്രധാനം. സംസ്ഥാന ഭരണം നഷ്ടമായതിന് ശേഷം ബി.ജെ.പി നേതൃത്വം തന്നെ ചിതറിയ നിലയിലുമായിരുന്നു. എന്നാൽ ഇതൊന്നും കോൺഗ്രസിന്റെ രക്ഷക്കെത്തിയില്ല. പ്രജ്വൽ രേവണ്ണ തോറ്റെങ്കിലും ആ വിവാദം ഉണ്ടാക്കിയ ഭൂകമ്പം ബി.ജെ.പിയെ കാര്യമായി കുലുക്കിയതുമില്ല.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മരുമകന്‍ രാധാകൃഷ്ണ ദൊഡ്ഡമണിക്ക് ഗുൽബർഗയിൽ വിജയിക്കാനായി. ഇതോടൊപ്പം ബംഗളൂരു നഗര- ഗ്രാമീണ പരിധിയില്‍ വരുന്ന മൂന്ന് സീറ്റുകളിലും കോൺഗ്രസിന് വിജയിക്കാനായി. അതേസമയം കോൺഗ്രസിന്റെ സിറ്റിങ് എം.പിയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരനുമായ ഡി.കെ സുരേഷ് തോറ്റത് പാർട്ടിക്ക് വൻ ആഘാതമായി. ബംഗളൂരു റൂറലിൽ എച്ച്.ഡി ദേവഗൗഡയുടെ മരുമകനും ഡോക്ടറുമായ സി.എൻ മഞ്ജുനാഥാണ് ഡി.കെയെ വീഴ്ത്തിയത്. 2019ല്‍ കോണ്‍ഗ്രസ് വിജയിച്ച ഏക മണ്ഡലമായിരുന്നു ഇത്. അതോടൊപ്പം മൈസൂരുവിലെ കോൺഗ്രസിന്റെ പരാജയം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കനത്ത തിരിച്ചടിയായി. അദ്ദേഹത്തിന്റെ സ്വന്തം തട്ടകമാണ് മൈസൂരു. തന്റെ പ്രചാരണത്തിന്റ ഏറിയ പങ്കും ഇവിടെയാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്.
മുൻ മുഖ്യമന്ത്രിമാരായ ജെ.ഡി.എസിന്റെ എച്ച്ഡി. കുമാരസ്വാമി, ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടാർ (ഇരുവരും ബി.ജെ.പി)യഥാക്രമം മാണ്ഡ്യ, ഹാവേരി, ബെൽഗാം എന്നീ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നും വിജയിച്ചുകയറി. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ശോഭ കരന്ദ്‌ലാജെ (ബി.ജെ.പി) എന്നിവരും വിജയിച്ചുകയറി. അതേസമയം മറ്റൊരു കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ കർണാടക മന്ത്രി ഈശ്വർ ഖണ്ഡേയുടെ മകൻ, സാഗർ ഖണ്ഡേ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന് നേട്ടമായി.
അതേസമയം പ്രതീക്ഷിച്ച വിജയം നേടാനാവാത്തതിന്റെ നിരാശ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രകടമാക്കുകയും ചെയ്തു. എന്നാൽ വോട്ട് ഷെയറിൽ ആശ്വസിക്കുകയാണ് നേതൃത്വം. 45.34 ശതമാനമാണ് കോൺഗ്രസിന്റെ വോട്ട് ഷയർ, ബിജെപിയുടെത് 46.04ഉം. അതായത് ഇരുവരും തമ്മിൽ ഒരു ശതമാനത്തിലും താഴെ വ്യത്യാസമേയുളളൂ. 2019ൽ കോൺഗ്രസിനുണ്ടായിരുന്നത് 31.88 ശതമാനമായിരുന്നു. ബി.ജെപി.യുടെത് 51.38ഉം. കർണാടക കോൺഗ്രസിന്റെ എല്ലാമായ ഡി.കെയ്ക്കും സിദ്ധരാമയ്യക്കും പിഴച്ചോ എന്നാണ് പാർട്ടി തലപുകഞ്ഞ് ആലോചിക്കുന്നത്. ഇരുവരുടെയം തട്ടകത്ത് ഏറ്റ തോൽവിയുടെ കാര്യകാരണങ്ങൾ ചികയുകയാണ് പാർട്ടി.