കർണാടകയിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി; വീരശൈവ ലിംഗായത്ത് ഫോറത്തിന്റെ പിന്തുണ കോൺഗ്രസിന്
മെയ് 10-ന് തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും.
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി വൈരശൈവ ലിംഗായത്ത് ഫോറത്തിന്റെ പിന്തുണ കോൺഗ്രസിന്. തങ്ങളുടെ പിന്തുണ കോൺഗ്രസിനാണെന്ന് വ്യക്തമാക്കി ലിംഗായത്ത് ഫോറം തുറന്ന കത്ത് പുറത്തിറക്കി.
കർണാടകയിലെ പ്രധാന വോട്ടുബാങ്കായ ലിംഗായത്തുകൾ പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന് വലിയ നേട്ടമാവും. അടുത്തിടെ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മുൻ മുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ജഗദീഷ് ഷെട്ടാർ ഹുബ്ബള്ളിയിലെ സമുദായ നേതാക്കളെ കണ്ട് പിന്തുണ അഭ്യർഥിച്ചിരുന്നു.
ബി.ജെ.പി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നത്. സംസ്ഥാനത്ത് ആര് അധികാരത്തിലെത്തണമെന്ന് തീരുമാനിക്കുന്നതിൽ നിർണായക സ്വാധീനുള്ള സമുദായമാണ് ലിംഗായത്തുകൾ. ലിംഗായത്ത് പ്രദേശങ്ങൾ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങൾ കൂടിയാണ്. എന്നാൽ ഷെട്ടാറിന് സീറ്റ് നിഷേധിച്ചതും യെദ്യൂരപ്പയെ ഒതുക്കിയെന്ന വികാരവുമാണ് ലിംഗായത്തുകൾ ബി.ജെ.പിയിൽനിന്ന് അകലാൻ കാരണം.
മെയ് 10-ന് തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളെല്ലാം സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.