'തിരഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പി ആടിനെ പട്ടിയാക്കും'; രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ
ഇ.ഡിയെ ഭയക്കുന്നവർ പാർട്ടി വിട്ടു പോകുമെന്നും പാർട്ടി വിട്ടാൽ ഉടൻ വാഷിങ് മെഷീനിൽ ഇട്ട് വെളുപ്പിക്കുമെന്നും കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി സ്വീകരിക്കുന്ന കുതന്ത്രങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. സത്യപാൽ മാലികിന്റെ പുൽവാമ സംബന്ധിച്ച വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ വിമർശനം ഉന്നയിച്ചത്. പുൽവാമയിൽ ഗുരുതര സുരക്ഷ വീഴ്ച്ചയുണ്ടായെന്ന് സുരക്ഷ ഉപദേഷ്ടാവ് പറഞ്ഞെന്നും അത് പുറത്തു പറയരുതെന്ന് പറഞ്ഞതും പാകിസ്താന്റെ പേരിൽ ചാർത്തി തെരഞ്ഞെടുപ്പ് വിജയം നേടണമെന്ന് പറഞ്ഞതും നരേന്ദ്രമോദിയാണെന്നുമാണ് സത്പാൽ മാലിക് പറഞ്ഞത്. അദ്ദേഹം കശ്മീരിൽ ബിജെപി നിശ്ചയിച്ച ഗവർണറായിരുന്നു. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും തിരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി ആടിനെ പട്ടിയാക്കുമെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. ദേശീയത ബിജെപിയ്ക്ക് വോട്ടുകിട്ടാനുള്ള ആയുധം മാത്രമാണെന്നും വിമർശിച്ചു.
ഒരു തീവണ്ടി വന്നതാണോ വലിയ ചർച്ചാ വിഷയമെന്ന് അദ്ദേഹം വന്ദേഭാരത് കേരളത്തിലേക്ക് അനുവദിച്ചതിനെ മുൻനിർത്തി ചോദിച്ചു. കോൺഗ്രസ് വിട്ടുപോകുന്നവരെ കുറിച്ചും പ്രതികരിച്ചു. ഇ.ഡിയെ ഭയക്കുന്നവർ പാർട്ടി വിട്ടു പോകുമെന്നും പാർട്ടി വിട്ടാൽ ഉടൻ വാഷിങ് മെഷീനിൽ ഇട്ട് വെളുപ്പിക്കുമെന്നുമായിരുന്നു പരാമർശം. ബിജെപിയുടെ ക്രിസ്ത്യൻ സഭാ സ്‌നേഹം നാട് കാണുന്ന ഏറ്റവും വലിയ കാപട്യമാണെന്ന് വേണുഗോപാൽ വിമർശിച്ചു. രാജ്യത്ത് ന്യൂനപക്ഷങ്ങളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്നവരാണ് ബിജെപിക്കാരെന്നും അവരെങ്ങിനെയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
.