കൊങ്കുനാടും വടക്കൻ ബംഗാളും: സംസ്ഥാന വിഭജന മുറവിളികൾക്കു പിന്നിലെന്ത്?

കശ്മീർ വിഭജിക്കാൻ കേന്ദ്രം സുരക്ഷാ മുൻകരുതലാണെടുത്തതെങ്കിൽ ബംഗാളിലും തമിഴ്‌നാട്ടിലും അതു മതിയാകില്ല. ഭരണഘടനാപരമായും രാഷ്ട്രീയതന്ത്രപരമായും കൃത്യമായ മുന്നൊരുക്കങ്ങൾ തന്നെ രണ്ടിടത്തും വേണ്ടിവരും

Update: 2021-07-17 17:35 GMT
Editor : Shaheer
Advertising

2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിനെ നരേന്ദ്ര മോദി സർക്കാർ രണ്ടായി വിഭജിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തു. കശ്മീരിന്റെ മണ്ണിനെയും മനസിനെയും അവഗണിച്ചുള്ള ആ ഏകപക്ഷീയ നീക്കത്തിന്റെ തൊട്ടുതലേ ദിവസം വരെ ആരും അത്തരമൊരു അപ്രതീക്ഷിത നടപടിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല; കശ്മീരികൾക്ക് അത്തരത്തിലുള്ള ദുസ്സൂചന ദിവസങ്ങൾക്കുമുൻപ് ലഭിച്ചിരുന്നെങ്കിലും.

കശ്മീരിൽനിന്നുയർന്ന പ്രതിഷേധങ്ങളെ സർക്കാർ എല്ലാവിധ ആശയവിനിമയ, ഗതാഗത മാർഗങ്ങളുമടച്ച് അടിച്ചമർത്തി. പ്രതിപക്ഷത്തുനിന്നുള്ള ദുർബലമായ എതിർപ്പുകൾ മാത്രമാണ് പിന്നീട് കേന്ദ്ര ഭരണകൂടത്തിന് നേരിടേണ്ടിവന്നത്. അപ്പോഴും പ്രത്യേകാധികാരങ്ങളെല്ലാം കളഞ്ഞ് കശ്മീരിനെ വിഭജിച്ച കേന്ദ്ര നടപടിക്ക് പ്രതിപക്ഷത്തുനിന്നു പോലും പൊതുവെ പ്രശംസയാണു ലഭിച്ചത്. രാജ്യത്തെ ഒന്നിക്കാനുള്ള സുധീരമായ നടപടിയായി അതു വാഴ്ത്തപ്പെട്ടു. എന്നാൽ, ഭരണഘടനയിലെ ഫെഡറൽതത്വങ്ങൾ കാറ്റിൽപറത്തുന്ന നടപടിയാണ് അതെന്നു വിമർശിച്ചവർ വളരെ വിരളം.

കശ്മീരിനു പിറകെ ഇപ്പോൾ തങ്ങളുടെ കൈപിടിയിലൊതുങ്ങാത്ത മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി വിഭജനരാഷ്ട്രീയം വ്യാപിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. അതിന്റെ ആദ്യ സൂചനകളാണ് തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായുള്ള വാർത്തകൾ. ഇതോടൊപ്പം ബിജെപിയുടെ അധികാരസ്വപ്‌നങ്ങൾ ഇനിയും അകന്നുനിൽക്കുന്ന ബംഗാളിലും പുതിയ വിഭജനതന്ത്രങ്ങൾ പയറ്റാൻ കേന്ദ്രം നീക്കം നടത്തുന്നതായാണ് വിവരം.

ഭരണഘടനയിലെ സംസ്ഥാനങ്ങളുടെ അധികാരവും പ്രാധാന്യവും വ്യക്തമാക്കുന്ന ഫെഡറൽതത്വങ്ങൾ കേന്ദ്ര സർക്കാരിനെ നിരന്തരം ഓർമിപ്പിക്കുന്ന ഭരണകൂടങ്ങളാണ് ബംഗാളിലും തമിഴ്‌നാട്ടിലും ഇപ്പോൾ ഭരിക്കുന്നത്. ബംഗാളിൽ മമത ബാനർജി ഫെഡറൽ തത്വങ്ങൾ ഉയർത്തി കേന്ദ്രത്തോട് പലപ്പോഴും കൊമ്പുകോർക്കുന്ന ഘട്ടങ്ങളുമുണ്ടായി. തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിൻ അധികാരമേൽക്കുന്നതു തന്നെ കേന്ദ്രത്തെ ഫെഡറൽതത്വങ്ങളുടെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ടാണ്. അതോടൊപ്പം മോദി ഭരണകൂടത്തെ കേന്ദ്ര സർക്കാർ എന്നതിനു പകരം ഭരണഘടനയിൽ പറയുന്ന പ്രകാരം യൂനിയൻ ഭരണകൂടം എന്നാണ് സ്റ്റാലിൻ സർക്കാർ അഭിസംബോധന ചെയ്യുന്നത്. അത് തങ്ങളുടെ നിലപാടാണെന്ന് സ്റ്റാലിൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനാൽ വളരെ തന്ത്രപൂർവവും സൂക്ഷിച്ചുമായിരിക്കും രണ്ടിടത്തും ബിജെപി ഏതു രാഷ്ട്രീയ പരീക്ഷണത്തിനുമൊരുങ്ങുക.

എവിടെനിന്നു വന്നു കൊങ്കുനാട്?

ദിവസങ്ങൾക്കുമുൻപ് നരേന്ദ്ര മോദി മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോൾ അക്കൂട്ടത്തിൽ തമിഴ്‌നാടിനും പ്രാതിനിധ്യം ലഭിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന എൽ മുരുകൻ സഹമന്ത്രിയായി. എന്നാൽ, മന്ത്രിമാരെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വാർത്താകുറിപ്പിൽ വിശേഷിപ്പിച്ചത് അദ്ദേഹം കൊങ്കുനാട്ടിൽനിന്ന് വരുന്നുവെന്നാണ്. തമിഴ്‌നാടിനു പകരമായിരുന്നു രേഖയിൽ പോലുമില്ലാത്ത കൊങ്കുനാടിനെ പരാമർശിച്ചത്.

തമിഴ്‌നാട്ടിലെ ഒരു രേഖകളിലും ഇല്ലാത്ത പേര് ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാക്കി അവതരിപ്പിക്കുകയും അതു പൊതുചർച്ചയുടെ ഭാഗമാക്കുകയുമാണ് ഈ നീക്കത്തിലൂടെ ബിജെപിയും കേന്ദ്ര സർക്കാരും ലക്ഷ്യമിടുന്നതെന്നു വ്യക്തമാണ്. കൊങ്കുനാട് എന്ന പേരിൽ ഒരു സ്ഥലവും തമിഴ്‌നാട്ടിലില്ല. തമിഴ്‌നാടിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഏഴ് ജില്ലകൾ പൂർണമായും രണ്ട് ജില്ലകളുടെ ചില ഭാഗവും കൂടിച്ചേരുന്ന പ്രദേശത്തെ പൊതുവായി പറയാൻ ചിലയിടങ്ങളിൽ ഉപയോഗിക്കാറുണ്ടെന്നു മാത്രം. മലബാർ, തിരുവിതാംകൂർ എന്നൊക്കെ പറയുംപോലെ.

എന്നാൽ, കേന്ദ്ര സർക്കാരിന്റെ വാർത്താകുറിപ്പിനു പിറകെ തമിഴ്‌നാട് വിഭജിക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചതായി സംസ്ഥാനത്തെ മുൻനിര പത്രങ്ങളിലൊന്നായ 'ദിനമലർ' തെളിവുസഹിതം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതൊരു കൃത്യമായ അജണ്ടയാണെന്ന ചർച്ച തമിഴ്‌നാട്ടിൽ ഉയർന്നു. എതിർപ്പുമായി ഡിഎംകെയും പ്രതിപക്ഷത്തുള്ള ബിജെപി സഖ്യകക്ഷി കൂടിയായ എഐഎഡിഎംകെയുമടക്കമുള്ള രാഷ്ട്രീയകക്ഷികളും വിവിധ രംഗങ്ങളിലുള്ള പ്രമുഖരും രംഗത്തെത്തി. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വം തന്നെ വിശദീകരണം പുറത്തിറക്കി. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ പറഞ്ഞത് തമിഴ്‌നാടിനെക്കുറിച്ച് ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു.

എന്നാൽ, നാഗേന്ദ്രൻ തന്നെ സംസ്ഥാന വിഭജന സാധ്യതകൾ തള്ളിക്കളഞ്ഞതുമില്ല. ആന്ധ്രാപ്രദേശും ഉത്തർപ്രദേശുമെല്ലാം രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം മറക്കേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ജനങ്ങൾക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ അതു പൂർത്തീകരിച്ചുകൊടുക്കൽ സർക്കാരിന്റെ ബാധ്യതയാണെന്നും നൈനാർ നാഗേന്ദ്രൻ കൃത്യമായി സൂചിപ്പിച്ചു.

അതേസമയം, ഡിഎംകെയെ പ്രതിക്കൂട്ടിൽ നിർത്തിയാണ് ബിജെപി സംസ്ഥാന സെക്രട്ടറി കാരു നാഗരാജൻ പുതിയ നീക്കത്തോട് പ്രതികരിച്ചത്. കേന്ദ്രത്തെ യൂനിയൻ സർക്കാർ എന്നു വിളിക്കുന്നത് ഡിഎംകെയുടെ താൽപര്യമാണെങ്കിൽ കൊങ്കുനാട് എന്നു വിളിക്കുന്നത് ജനങ്ങളുടെ താൽപര്യപ്രകാരവുമാണെന്ന് നാഗരാജൻ വ്യക്തമാക്കി. ഇതിനുപിറകെ ബിജെപി കോയമ്പത്തൂർ ജില്ലാ നേതൃത്വം തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തു. പുതിയ വിവാദത്തെക്കുറിച്ച് പ്രതികരിച്ച ബിജെപി നേതാക്കളെല്ലാം അവ്യക്തമായ മറുപടികളാണ് നൽകിയിട്ടുള്ളതും.


വരുമോ വടക്കൻ ബംഗാളും?

മാസങ്ങൾക്കുമുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിറകെയാണ് സംസ്ഥാന വിഭജന ചർച്ചകൾ ബംഗാളിൽ തലപൊക്കുന്നത്. അവിടെയും ബിജെപി തന്നെയാണ് സംസ്ഥാന വിഭജന ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്. സർവസന്നാഹങ്ങളുമായി ബംഗാളിൽ ക്യാംപ് ചെയ്ത് പ്രവർത്തിച്ച ബിജെപി ദേശീയ നേതൃത്വത്തിന്റെ കൊണ്ടുപിടിച്ച പ്രചാരണങ്ങളെയെല്ലാം ജനം തള്ളിക്കളയുന്ന കാഴ്ചയായിരുന്നു നിയമസഭാ ഫലം പുറത്തുവന്നപ്പോൾ കണ്ടത്. മമത വൻ ഭൂരിപക്ഷത്തിന് വീണ്ടും അധികാരത്തിലേറി.

ഈ സമയത്താണ് സംസ്ഥാനം വിഭജിച്ച് വടക്കൻ ബംഗാൾ രൂപീകരിക്കണമെന്ന ആവശ്യം ബിജെപി സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്നത്. മാത്രവുമല്ല, കശ്മീരിൽ ചെയ്ത പോലെ വടക്കൻ ബംഗാളിനെ കേന്ദ്ര ഭരണപ്രദേശമാക്കണമെന്നും ആവശ്യമുണ്ടായി. ഇതൊരു ഒറ്റക്കെട്ടായ ആവശ്യമായി ഉയർന്നുവന്നതല്ലെങ്കിലും പലയിടങ്ങളിൽനിന്നായി പതുക്കെ ഇത്തരമൊരു മുറവിളി ഉയർത്തി വിഷയം മുഖ്യധാരയിൽ സജീവമാക്കുകയാണ് ബിജെപി തന്ത്രമെന്നു വ്യക്തമാണ്.

കൊങ്കനാടുപോലെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് സ്പഷ്ടമായ പരാമർശങ്ങളോ ഔദ്യോഗിതലത്തിലുള്ള സൂചനയോ വടക്കൻ ബംഗാളിനെക്കുറിച്ചുണ്ടായിട്ടില്ല. എന്നാലും ബംഗാൾ വിഭജനവും കേന്ദ്രത്തിന്റെ അജണ്ടയിലുണ്ടെന്നു തന്നെയാണ് ബിജെപി ബംഗാൾ ഘടകത്തിൽനിന്ന് പലപ്പോഴായി ഉയർന്നുകൊണ്ടിരിക്കുന്ന ഒറ്റയും തെറ്റയുമായുള്ള വിഭജന മുറവിളികൾ സൂചിപ്പിക്കുന്നത്. അവസരമൊത്തുവരുമ്പോൾ പെട്ടെന്നൊരു ദിവസം ഔദ്യോഗികമായി തന്നെ അക്കാര്യം വ്യക്തമാക്കാനായിരിക്കും കേന്ദ്രപദ്ധതി. ഇതിനുപുറമെ കശ്മീരിൽനിന്ന് വ്യത്യസ്തമായി ബംഗാളിന്റെയും തമിഴ്‌നാടിന്റെ കാര്യത്തിൽ കൂടുതൽ മുൻകരുതലെടുക്കേണ്ടതുമുണ്ട് ബിജെപിക്ക്. കശ്മീരിൽ സുരക്ഷാ മുൻകരുതലാണെടുത്തതെങ്കിൽ ബംഗാളിലും തമിഴ്‌നാട്ടിലും അതു മതിയാകില്ല. ഭരണഘടനാപരമായും രാഷ്ട്രീയതന്ത്രപരമായും കൃത്യമായ മുന്നൊരുക്കങ്ങൾ തന്നെ രണ്ടിടത്തും വേണ്ടിവരും.

Tags:    

Editor - Shaheer

contributor

Similar News