കോവിഡ് വ്യാപനം; രാജ്യത്ത് പ്രതിദിന കേസുകള്‍ രണ്ടര ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് മൂന്നാംതരംഗത്തിന്റെ ശക്തികുറഞ്ഞതായാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍

Update: 2022-01-27 05:07 GMT
Advertising

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടര ലക്ഷത്തിന് മുകളില്‍ തന്നെ. 24 മണിക്കൂറിനിടെ 2,86,384 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.19.59 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . 573 മരണവും സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22,23,018 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ 5.55% ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,99,073 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,73,70,971 ആയി. ദേശീയ രോഗമുക്തി നിരക്ക് 93.23 % ആണ്.

അതേ സമയം, രാജ്യത്ത് കോവിഡ് മൂന്നാംതരംഗത്തിന്റെ ശക്തികുറഞ്ഞതായി കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്ന് ലക്ഷത്തില്‍ താഴെ കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എഴുപത് ശതമാനത്തിലധികം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായത് രോഗതീവ്രത കുറച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി പകുതിയോടെ അര്‍ഹരായ മുഴുവനാളുകള്‍ക്കും വാക്‌സിനേഷന്‍ നല്‍കി തീര്‍ക്കാനാണ് ശ്രമം. കൗമാരക്കാര്‍ക്കിടയിലുള്ള വാക്‌സിനേഷനും വേഗത്തില്‍ പൂര്‍ത്തിയാക്കും. കോവീഷീല്‍ഡിനും കോവാക്‌സിനും പൂര്‍ണ വാണിജ്യ അനുമതി ഉടന്‍ നല്‍കിയേക്കും. വിപണിയില്‍ ലഭ്യമാകുന്നതിനുള്ള വിലനിശ്ചയം മാത്രമാണിനി ഉള്ളത്.

കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗവും ഓണ്‍ലൈനായി ചേരും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News