ലഖിംപൂർ ഖേരി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി
ഉത്തർ പ്രദേശിലെ രണ്ട് അഭിഭാഷകരാണ് സുപ്രീം കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്
ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകരടക്കം എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. ഉത്തർ പ്രദേശിലെ രണ്ട് അഭിഭാഷകരാണ് സുപ്രീം കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
സംഭവത്തിൽ എത്രയും പെട്ടെന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും സംഭവത്തിലുൾപ്പെട്ട കേന്ദ്രമാരുൾപ്പെടെയുള്ളവർക്കെതിരെ നടപടി ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് ആവശ്യപ്പെടണമെന്നും ജസ്റ്റിസ് എൻ.വി രമണക്കയച്ച കത്തിൽ അഭിഭാഷകർ അഭ്യർത്ഥിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചു കയറി നാല് കർഷകർ കൊല്ലപ്പെടുകയും ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മറ്റ് നാല് പേർ കൊല്ലപ്പെടുകയുമായിരുന്നു.
അലഹബാദ് ഹൈക്കോടതിയിലും ഹരജി
ഞായറാഴ്ച ലഖിംപൂർ ഖേരിയിൽ നടന്ന സംഭവം സി.ബി.ഐയെകൊണ്ടോ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ടോ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിലും ഹരജി. സ്വദേശ്, പ്രയാഗ്‌രാജ് ലീഗൽ എയിഡ് ക്ലിനിക്ക് എന്നീ എൻ.ജി.ഒകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനാ ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ഹരജിയിൽ പറയുന്നു.