ലഖിംപൂർ കൊലപാതകം: പത്തുമണിക്കൂറായി ആശിഷ് മിശ്ര ചോദ്യം ചെയ്യലിൽ
കർഷകർ കൊല്ലപ്പെട്ട ഒക്ടോബർ മൂന്നിന് എവിടെയായിരുന്നു എന്നതിന് കൃത്യമായ മറുപടി നൽകാൻ ആശിഷിന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ
ലഖിംപൂർകേസിൽ കുറ്റാരോപിതനായ ആശിഷ് മിശ്രയെ ചോദ്യംചെയ്യുന്നത് പത്താം മണിക്കൂറിലേക്ക് നീണ്ടു. ലഖിംപൂർഖേരിയിൽ കർഷകപ്രതിഷേധത്തിലേക്ക് വാഹനമിടിച്ചു കയറ്റി കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി.
കർഷകപ്രതിഷേധത്തിലേക്ക് ഇടിച്ചുകയറിയ വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അവകാശപ്പെട്ടിരിക്കുകയാണ്. ഇതിന് തെളിവായി വിഡിയോയും സമർപ്പിച്ചിട്ടുണ്ട്. ആ ദിവസം ബൻവീർപൂറിലെ തന്റെ ഗ്രാമത്തിലായിരുന്നുവെന്നാണ് ആശിഷ് മിശ്ര ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്.
കർഷകർ കൊല്ലപ്പെട്ട ഒക്ടോബർ മൂന്നിന് എവിടെയായിരുന്നു എന്നതിന് കൃത്യമായ മറുപടി നൽകാൻ ആശിഷിന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ മൂന്നിന് ഉച്ചക്ക് ശേഷം 2.36 മുതൽ 3.30 വരെ എവിടെയായിരുന്നു എന്നത് തെളിയിക്കാനുള്ള രേഖകളൊന്നും ഹാജരാക്കാൻ ആശിഷിന് കഴിഞ്ഞിട്ടില്ല.
കൊലപാതകം ഉൾപ്പെടെ എട്ട് വകുപ്പുകൾ ചേർത്താണ് ആശിഷ് മിശ്രക്കെതിരെ കേസെടുത്തിരുന്നത്. ഇന്ന് രാവിലെ മുതൽ ലഖിംപൂർ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ഹാജരാകാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും ആശിഷ് മിശ്ര എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ലഖിംപൂർ പൊലീസ് ആശിഷിന്റെ വീട്ടിൽ നോട്ടീസ് പതിച്ചത്.