സൂറത്ത് കോടതിവിധി മുൻകൂട്ടി കാണുന്നതിൽ വീഴ്ച സംഭവിച്ചതായി കോൺഗ്രസിലെ നിയമവിദഗ്ധർ
കേസിൽ ഇനി വീഴ്ച ഉണ്ടാകാതിരിക്കാൻ സിംഗ്‌വിയും പി. ചിദംബരവും അടക്കമുള്ള നിയമജ്ഞരെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ടീമിനെ നിയോഗിച്ചിരിക്കുന്നത്.
ന്യൂഡൽഹി: സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് പരമാവധി ശിക്ഷ നൽകുമെന്നത് മുൻകൂട്ടി കാണുന്നതിൽ വീഴ്ച സംഭവിച്ചതായി കോൺഗ്രസിലെ നിയമവിദഗ്ധർ. രണ്ട് വർഷം ശിക്ഷ ലഭിച്ചാൽ ലോക്‌സഭാംഗത്വം റദ്ദാകുമെന്ന് കോൺഗ്രസ് ആദ്യഘട്ടത്തിൽ ചിന്തിച്ചിരുന്നില്ല. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തിൽ മേൽക്കോടതിയിലെ കേസ് നടത്തിപ്പിനായി മുതിർന്ന അഭിഭാഷകരെ കൂടി ഉൾപ്പെടുത്തി പുതിയ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപകീർത്തിക്കേസിലെ അപകടം തിരിച്ചറിയാൻ വൈകിയെന്ന വിലയിരുത്തലിലാണ് കോൺഗ്രസിലെ നിയമപണ്ഡിതർ. രാഹുലിനെതിരെ സൂറത്ത് കോടതിയിൽ ഹരജി നൽകിയ പൂർണേഷ മോദി ഗുജറാത്ത് ഹൈക്കോടതിയിലെ അപേക്ഷ പിൻവലിച്ചതിലെ അസ്വഭാവിക കണ്ടെത്തുന്നതിൽ പിഴവുണ്ടായി. സൂറത്ത് കോടതിയിലെ വിചാരണ നിർത്തിവെപ്പിക്കാനാണ് പൂർണേഷ് മോദി ആദ്യം ഹൈക്കോടതിയിൽ എത്തിയിരുന്നത്. സൂറത്ത് കോടതിയിൽ പുതിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എത്തിയതോടെയാണ് ഹരജിക്കാരൻ സ്റ്റേയ്ക്കുള്ള ഹരജി പിൻവലിച്ചതെന്നു അഭിഷേക് മനു സിംഗ്‌വി ആവർത്തിച്ചിരുന്നു.
കേസിൽ ഇനി വീഴ്ച ഉണ്ടാകാതിരിക്കാൻ സിംഗ്‌വിയും പി. ചിദംബരവും അടക്കമുള്ള നിയമജ്ഞരെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ടീമിനെ നിയോഗിച്ചിരിക്കുന്നത്. രാഹുൽഗാന്ധി സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും നരേന്ദ്രമോദി, നീരവ് മോദി, ലളിത് മോദി എന്നിവരെയാണ് പറഞ്ഞതെന്നും, ഹൈക്കോടതിയിൽ സ്ഥാപിക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഈ മൂന്നുപേരിൽ ഒരാളെങ്കിലും അപകീർത്തി കേസ് നൽകിയാൽ മാത്രമാണ് ഹരജി നിലനിൽക്കുകയെന്നും നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഹൈകോടതിയിൽനിന്ന് സ്റ്റേ ലഭിച്ചാൽ ലോകസഭാംഗത്വം രാഹുൽഗാന്ധിക്ക് തിരികെ ലഭിക്കും.