മദ്യനയ അഴിമതി: മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി സിബിഐ ആസ്ഥാനത്ത് പ്രതിഷേധിക്കും

Update: 2023-02-19 01:19 GMT
Editor : afsal137 | By : Web Desk

മനീഷ് സിസോദിയ

Advertising

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ഡൽഹി സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി സിബിഐ ആസ്ഥാനത്ത് പ്രതിഷേധിക്കും.

ഡൽഹി മദ്യനയ അഴിമതിയിലെ സിബിഐ എഫ്‌ഐആറിൽ ഒന്നാം പ്രതിയാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 477 എ, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് സിസോദിയ അടക്കമുള്ളവർക്കെതിരെ കേസ്. നേരത്തെ ഒരു തവണ സിബിഐ ചോദ്യം ചെയ്തിരുന്നെങ്കിലും കേസുമായി ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

സിസോദിയയുടെ വീട്ടിലും ഓഫീസിലും സിബിഐ മണിക്കൂറുകൾ നീണ്ട പരിശോധനയും നടത്തിയിരുന്നു. നിലവിൽ 7 പേരാണ് കേസിൽ അറസ്റ്റിലായത്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ നടന്ന അന്വേഷണങ്ങളിൽ സിബിഐക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സിസോദിയ പരിഹസിച്ചു. അതേസമയം ചോദ്യം ചെയ്യലിനെ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് എഎപി തീരുമാനം. എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾ ഡൽഹി സിബിഐ ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിക്കും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സിബിഐ ആസ്ഥാനത്തിന് കൂടുതൽ സുരക്ഷ ഒരുക്കുമെന്ന് പോലീസ് അറിയിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News