ലോക്സഭാ സീറ്റ് വിഭജനം: മഹാരാഷ്ട്രയിലും ബിഹാറിലും തീരുമാനമാകാതെ ഇൻഡ്യ മുന്നണി
ബിഹാറിൽ പപ്പു യാദവ് കോൺഗ്രസിൽ ചേർന്നത് ആർ.ജെ.ഡിയ്ക്കും ഇടത് പാർട്ടികൾക്കും രുചിച്ചിട്ടില്ല
ന്യൂഡൽഹി: മഹാരാഷ്ട്രയിലും ബിഹാറിലും സീറ്റ് വിഭജന ചർച്ചയിൽ ഇനിയും തീരുമാനമാകാതെ ഇൻഡ്യ മുന്നണി. സാംഗ്ലി സീറ്റിൽ ഉദ്ധവ് പക്ഷ ശിവസേന സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് കോൺഗ്രസിനെ മഹാരാഷ്ട്രയിൽ അലട്ടുന്നത്. കോൺഗ്രസ് ആവശ്യപ്പെടുന്ന മറ്റൊരു സീറ്റായ ബീവണ്ടിയിൽ ശരത് പവാർ പക്ഷ എൻ.സി.പി അവകാശ വാദം ഉന്നയിച്ചുകഴിഞ്ഞു. കഴിഞ്ഞ തവണ ബി.ജെ.പി സഖ്യത്തിൽ അവിഭക്ത ശിവസേനയായി മത്സരിച്ചപ്പോൾ സാംഗ്ലിയിൽ പോരാടിയത് ബി.ജെ.പി ആയിരുന്നു.
തങ്ങൾക്ക് ഏറെ വേരോട്ടമുള്ള സ്ഥലമാണ് സാംഗ്ലി എന്ന അവകാശ വാദമാണ് ഉദ്ധവ് വിഭാഗം ഉന്നയിക്കുന്നത്. വഞ്ചിത് ബഹുജൻ അഘാഡി അവസാന നിമിഷം കോൺഗ്രസ് മുന്നണിയിൽ നിന്നും തെന്നിമാറിയത് ഇൻഡ്യാ മുന്നണിക്ക് ക്ഷീണമായി. മൂന്ന് സീറ്റുകൾ മുന്നണി വാഗ്ദാനം ചെയ്തെങ്കിലും ഇതിന്റെ നാലിരട്ടിയാണ് നേതാവ് പ്രകാശ് അംബേദ്‌കറുടെ ആവശ്യം.
ബിഹാറിൽ പപ്പു യാദവ് കോൺഗ്രസിൽ ചേർന്നത് ആർ.ജെ.ഡിയ്ക്കും ഇടത് പാർട്ടികൾക്കും രുചിച്ചിട്ടില്ല. ഇടത് എം.എൽ.എയുടെ കൊലപാതകത്തിൽ തടവ് ശിക്ഷ അനുഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മും സി.പി.ഐയും എതിർക്കുന്നത്.
ഒരു കാലത്ത് ലാലു പ്രസാദ് യാദവിന്റെ കടുത്ത വിമർശകൻ കൂടിയായിരുന്നു ഈ മുൻ ആർ.ജെ.ഡി നേതാവ്. ആർ.ജെ.ഡി ഇതിനകം സ്ഥാനാർഥിയെ പ്രഖ്യാപിച്ച പുരുണിയ സീറ്റ് ആണ് പപ്പു യാദവ് ആവശ്യപ്പെടുന്നത്. പ്രശ്നം ഒത്തുതീർക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം.