കുംഭമേളയ്ക്കിടെ തിക്കും തിരക്കും; മരിച്ചവരുടെ എണ്ണം 30 ആയി, പരിക്കേറ്റവര്‍ 60
ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനും രണ്ടിനുമിടയിലാണ് ദുരന്തമുണ്ടായത്. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.


പ്രയാഗ്‌രാജ്: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 തീര്‍ഥാടകര്‍ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം.
30 പേര്‍ മരിച്ചതായും അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഉത്തര്‍പ്രദേശ് ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനും രണ്ടിനുമിടയിലാണ് ദുരന്തമുണ്ടായത്. സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഈ സമയത്ത് വന്‍ ജനത്തിരക്ക് അനുഭവപ്പെടുകയായിരുന്നു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടമുണ്ടായത്.
അപകടമുണ്ടായ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ അയക്കുകയും നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സ തേടിയവരില്‍ കൂടുതലും സ്ത്രീകളാണെന്നാണ് വിവരം. നിരവധി സ്ത്രീകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥര്‍.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എത്രയും വേഗം സൗഖ്യം ലഭിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.