ജാമിഅ മില്ലിയ സർവകലാശാലയിലെ സംഘർഷത്തിൽ വിദ്യാർഥി അറസ്റ്റിൽ; 'ഫലസ്തീൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന് എഫ്‌ഐആർ
സംഭവത്തിൽ ജാമിഅയിലെ 25ലധികം വിദ്യാർഥികൾക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.


ന്യൂഡൽഹി: ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന സംഘർഷത്തിൽ പങ്കാരോപിച്ച് വിദ്യാർഥി അറസ്റ്റിൽ. ഹസ്‍റത്ത് മുക്കറബീൻ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. ദീപാവലി ആഘോഷത്തിനിടെ ക്യാമ്പസിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 'ഫലസ്തീൻ സിന്ദാബാദ്', 'അല്ലാഹു അക്ബർ' എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കേസിൽ കഴിഞ്ഞദിവസമാണ് ഹസ്റത്ത് മുക്കറബീനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഒക്ടോബർ 22നായിരുന്നു ജാമിഅ മില്ലിയ സർവകലാശാലയിൽ ദീപാവലി ആഘോഷം. ഇതിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. എബിവിപിയുടെ നേതൃത്വത്തിലുൾപ്പെടെ സർവകലാശാലയിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചിരുന്നു.
ആഘോഷത്തിൽ ജയ് ശ്രീറാം ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു. ഇത് ചില വിദ്യാർഥികൾ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതും വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ഹസ്‍റത്ത് മുക്കറബീനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ജാമിഅയിലെ 25ലധികം വിദ്യാർഥികൾക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.