ഫഡ്നാവിസിന് മറുപടിയുമായി നവാബ് മാലിക്; ബുധനാഴ്ച ഹൈഡ്രജന്‍ ബോംബ് പ്രതീക്ഷിച്ചോളൂ
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരി ഹസീന പാർക്കറുടെ ബിനാമിയായ സലീം പട്ടേൽ, ബോംബെ സ്ഫോടനക്കേസിലെ കുറ്റവാളികളിലൊരാളായ ബാദുഷാ ഖാൻ എന്നിവരിൽ നിന്ന് 2005ൽ നവാബ് മാലിക്കും കുടുംബവും 2.8 എക്കർ സ്ഥലം വാങ്ങിയെന്നായിരുന്നു ഫഡ്നാവിസിന്‍റെ ആരോപണം
1993ലെ മുംബൈ സ്ഫോടനക്കേസിലെ കുറ്റവാളികളുമായി ഇടപാടുകൾ നടത്തിയെന്ന പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ആരോപണത്തിന് മറുപടിയുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ഫഡ്‌നാവിസ് പത്രസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെ, മാലിക്കും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഫഡ്‌നാവിസിന്‍റെ അധോലോക ബന്ധം തുറന്നുകാട്ടുന്ന ഒരു ഹൈഡ്രജൻ ബോംബ് ബുധനാഴ്ച ഇടുമെന്ന് നവാബ് മാലിക് തിരിച്ചടിച്ചു.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരി ഹസീന പാർക്കറുടെ ബിനാമിയായ സലീം പട്ടേൽ, ബോംബെ സ്ഫോടനക്കേസിലെ കുറ്റവാളികളിലൊരാളായ ബാദുഷാ ഖാൻ എന്നിവരിൽ നിന്ന് 2005ൽ നവാബ് മാലിക്കും കുടുംബവും 2.8 എക്കർ സ്ഥലം വാങ്ങിയെന്നായിരുന്നു ഫഡ്നാവിസിന്‍റെ ആരോപണം. ആര്യൻ ഖാൻ പ്രതിയായ മയക്കുമരുന്ന് കേസിനെ തുടർന്ന് മഹാരാഷ്ട്ര സർക്കാറും ബി.ജെ.പിയും നേർക്കുനേർ ഏറ്റുമുട്ടന്നതിനിടെയാണ് പുതിയ ആരോപണം. നവാബ് മാലിക്കിന്‍റെ ഇത്തരത്തിലുള്ള അഞ്ച് ഇടപാടുകളുടെ രേഖകൾ തന്‍റെ കൈയിലുണ്ടെന്ന് ഫഡ്നാവിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അധികൃതർക്ക് ഈ വിവരങ്ങൾ കൈമാറും. അധോലോകവുമായി ബന്ധമുള്ളവരുമായാണ് നാല് ഇടപാടുകൾ നടന്നത്. എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിനും വിവരങ്ങൾ നൽകും. ഏത് പാർട്ടിയുടെ ആളുകൾക്കാണ് കുറ്റവാളികളുമായി ബന്ധമെന്ന് അദ്ദേഹവും അറിയട്ടെ -ഫഡ്നാവിസ് പറഞ്ഞു.
നവാബ് മാലിക്കിന് അധോലോകവുമായി നേരിട്ട് ബന്ധമുണ്ട്. പൊലീസിനോ ഇ.ഡിക്കോ എൻ.ഐ.എക്കോ ആർക്കുവേണമെങ്കിലും താൻ തെളിവു നൽകാം. മുംബൈയെ ഞെട്ടിച്ച സ്ഫോടനത്തിന്‍റെ കുറ്റക്കാരുമായി പോലും കച്ചവടം നടത്തിയ ആളാണ് മാലിക്കെന്നും ഫഡ്നാവിസ് പറഞ്ഞു. ദേവേന്ദ്ര ഫഡ്നാവിസിന് മയക്കുമരുന്ന് വിൽപ്പനക്കാരുമായി ബന്ധമുണ്ടെന്ന ആരോപണം കഴിഞ്ഞയാഴ്ച നവാബ് മാലിക് ഉന്നയിച്ചിരുന്നു. ഇതിന്‍റെ തെളിവായി മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്നയാളും ഫഡ്നാവിസും ഒരുമിച്ചുള്ള ഫോട്ടോയും മാലിക് പുറത്തുവിട്ടു.