'ആസൂത്രിതമായ കള്ളം'; സി.എ.എ പ്രകാരം 14 പേർക്ക് പൗരത്വം നൽകിയെന്ന കേന്ദ്രസർക്കാർ വാദം തള്ളി മമത

തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടുള്ള കേന്ദ്ര നീക്കത്തിൽ ആരും വീഴരുതെന്നും മമത മുന്നറിയിപ്പ് നൽകി.

Update: 2024-05-18 05:50 GMT
Advertising

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമപ്രകാരം 14 പേർക്ക് പൗരത്വം നൽകിയെന്ന കേന്ദ്രസർക്കാർ വാദം കളവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാരിന്റെ നീക്കമാണിതെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപ്പോൾ പൗരത്വം നൽകിയവരെ കേന്ദ്രസർക്കാർ ജയിലിലടയ്ക്കുമെന്നും മമത കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

തെറ്റായ വിവരങ്ങൾവച്ചാണ് കേന്ദ്രം പൗരത്വത്തിന് അപേക്ഷ ക്ഷണിക്കുന്നതെന്നും ആരും അതുകണ്ട് പൗരത്വത്തിന് അപേക്ഷിക്കരുതെന്നും മമത മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ബി.ജെ.പി പരസ്യം നൽകിയിരിക്കുന്നത്. കുടിയേറ്റക്കാരായ ഹിന്ദു, സിഖ് സമുദായക്കാർക്ക് സി.എ.എ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് ഒരു പരസ്യത്തിൽ പറയുന്നത്. അത് വിശ്വസിക്കരുത്, നിങ്ങളെല്ലാവരും ഇവിടത്തെ ഉത്തമവിശ്വാസമുള്ള പൗരൻമാരാണ്. പൗരത്വത്തിന് അപേക്ഷിച്ചാൽ നിങ്ങളെ വിദേശികളെന്ന് മുദ്രകുത്തി രാജ്യത്തുനിന്ന് പുറത്താക്കുമെന്നും മമത പറഞ്ഞു. സന്ദേശഖാലിയിൽ ചെയ്തതുപോലെ പൗരത്വ ഭേദഗതി നിയമവും ബി.ജെ.പിയുടെ ആസൂത്രിതമായ കളവാണ്. ഇതിൽ വീഴരുതെന്ന് അവർ പറഞ്ഞു.

2019ൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിന്റെ നിയമാവലി ഈ വർഷം മാർച്ചിലാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ മുസ്‌ലിംകളല്ലാത്തവർക്കാണ് സി.എ.എ പ്രകാരം പൗരത്വം ലഭിക്കുക. മുസ്‌ലിംകളെ മാറ്റിനിർത്തുന്ന നിയമം പശ്ചിമ ബംഗാളിൽ നടപ്പാക്കില്ലെന്ന് മമത നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് പൗരത്വ ഭേദഗതി നിയമപ്രകാരം 14 പേർക്ക് പൗരത്വം നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചത്. ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വനിയമം പിൻവലിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News