'അഭ്യാസത്തിനുള്ളതല്ല റോഡ്'; യുവതിയെ മടിയിലിരുത്തി ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ
വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്
ബംഗളൂരു: സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്ത് സാഹസവും കാട്ടിക്കൂട്ടാന്‍ പലര്‍ക്കും മടിയില്ല. അതിലൊന്നാണ് റോഡിലെ അഭ്യാസ പ്രകടനങ്ങള്‍.അമിത വേഗതയില്‍ വണ്ടിയോടിച്ചും സ്റ്റണ്ട് നടത്തിയുമെല്ലാം പലരും വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇത് അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ക്കെതിരെ നിരവധി തവണ പൊലീസ് മുന്നറിയിപ്പും ബോധവത്കരണവും നടത്തിയിട്ടും പലരും അത് ചെവിക്കൊള്ളാന്‍ കൂട്ടാക്കിയിട്ടില്ല. അതിന് ഉദാഹരണമാണ് ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം നടന്നത്.
യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം നടത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ തിരക്കേറിയ റോഡിലായിരുന്നു യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
മെയ് 17 ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് റോഡിലാണ് സംഭവം നടന്നത്. ബൈക്ക് യാത്രികന്റെ മടിയിൽ യുവതി ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്.ഇരുവരും ഹെൽമറ്റും ധരിച്ചിരുന്നില്ല. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് യുവാവിനെതിരെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡിയോ ബംഗളൂരു ട്രാഫിക് പൊലീസും എക്‌സിൽ ഷെയർ ചെയ്തിട്ടുണ്ട്.' ഹേയ് ത്രിൽ സീക്കേഴ്‌സ്, ബൈക്ക് അഭ്യാസത്തിനുള്ള വേദിയല്ല റോഡുകൾ,നിങ്ങൾക്കും മറ്റുള്ളവർക്കുമായി ഇത് സുരക്ഷിതമായി സൂക്ഷിക്കുക,നമുക്ക് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.