മകളുടെ വിവാഹമാണ്, ബിജെപി- ആർഎസ്എസ്- ജെജെപി നേതാക്കള്‍ പങ്കെടുക്കരുത്... വൈറലായി വിവാഹ ക്ഷണക്കത്ത്

ഹരിയാന സ്വദേശിയായ കര്‍ഷക നേതാവ് തന്‍റെ മകളുടെ വിവാഹ ക്ഷണക്കത്തിലും രാഷ്ട്രീയം പറയുകയാണ്.

Update: 2021-11-25 08:13 GMT
Advertising

ആളുകള്‍ പല തരത്തില്‍ രാഷ്ട്രീയമായ ചായ്‍വുകളും എതിര്‍പ്പുകളും  പ്രകടിപ്പിക്കാറുണ്ട്. ഹരിയാന സ്വദേശിയായ കര്‍ഷക നേതാവ് തന്‍റെ മകളുടെ വിവാഹ ക്ഷണക്കത്തിലും രാഷ്ട്രീയം പറയുകയാണ്. വിവാദ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയം പറച്ചില്‍. വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത് എന്നാണ് വ്യക്തമാക്കിയത്.

വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്‍റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാജേഷ് ധങ്കാർ ആണ് വിവാദമായ മൂന്ന് കാർഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഈ വര്‍ഷം ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ നിന്ന് ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ വിട്ടുനിൽക്കണമെന്നാണ് ക്ഷണക്കത്തിൽ അച്ചടിച്ചത്. ക്ഷണക്കത്ത് വൈറലായി.


കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യ സർക്കാരിനെതിരെ കഴിഞ്ഞ ഒരു വർഷമായി കർഷകർ പ്രതിഷേധിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക നിയമങ്ങള്‍ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുൻപായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും നിയമം പിന്‍വലിക്കണമെന്നും രാജേഷ് ധങ്കാര്‍ ആവശ്യപ്പെട്ടു.

കർഷകരുടെ പ്രധാന ആവശ്യം അവരുടെ വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തണം എന്നതാണ്. കടബാധ്യത ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മൂന്ന് ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തുവെന്നും ധങ്കാർ പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News