മഹാരാഷ്ട്രയില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് യുവാവിന് ഗോരക്ഷാപ്രവര്‍ത്തകരുടെ മര്‍ദനം; 4 പേര്‍ അറസ്റ്റില്‍
ബീഡ് ജില്ലയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം
മുംബൈ: മഹാരാഷ്ട്രയില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഷൂ വ്യാപാരിക്ക് ഗോരക്ഷാപ്രവര്‍ത്തകരുടെ മര്‍ദനം. 28കാരനായ മുഹമ്മദ് ഹജകിനാണ് മര്‍ദനമേറ്റത്. ബീഡ് ജില്ലയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
പ്രതിശ്രുതവധുവിനോട് ഫോണില്‍ സംസാരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുഹമ്മദ്. ഈ സമയം അമിതവേഗത്തിലെത്തിയ ഒരു വാഹനം സമീപത്തുണ്ടായിരുന്ന പശുവിനെ ഇടിച്ചുതെറിപ്പിച്ചു. മുഹമ്മദ് വാഹനത്തിന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പരിക്കേറ്റ പശുവിൻ്റെ ചിത്രമെടുത്ത് പ്രതിശ്രുതവധുവിന് അയച്ചുകൊടുത്തു.ഇതിനു പിന്നാലെയാണ് 'ഗോരക്ഷകര്‍' എന്ന് സ്വയം വിശേഷിപ്പിച്ച ചിലര്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് മുഹമ്മദിനെ ആക്രമിച്ചത്. '' "ഹജക് പരിക്കേറ്റ പശുവിൻ്റെ ഫോട്ടോ എടുത്തതാണ് ആക്രമണത്തിന് കാരണമെന്ന് തോന്നുന്നു. ഇത് മുഹമ്മദ് പശുക്കടത്തുകാരനാണെന്ന് ആള്‍ക്കൂട്ടത്തെ തെറ്റിദ്ധരിപ്പിച്ചു'' ബീഡ് ഇൻസ്‌പെക്ടർ ശീതൾകുമാർ ബല്ലാൽ പറഞ്ഞു.
മുഹമ്മദിന്‍റെ നിലവിളി ശബ്ദം കേട്ട് കുടുംബാംഗങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് ഹജക് ചികിത്സയിലാണ്. എട്ട് പേർക്കെതിരെ കേസെടുത്തു. മന്ദർ ദേശ്പാണ്ഡെ (30), ഓംകാർ ലാൻഡെ (23), അനിൽ ഗോഡ്കെ (26), രോഹിത് ലോൽഗെ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം ബീഡ് സ്വദേശികളാണ്.
ഈയിടെ ഫരീദാബാദില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഗോരക്ഷാപ്രവര്‍ത്തകര്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ ആക്രമണം. കഴിഞ്ഞമാസം 23നാണ് ആര്യൻ മിശ്ര എന്ന വിദ്യാര്‍ഥി കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ 5 പേർ പൊലീസിന്‍റെ പിടിയിലായി. ഗോരക്ഷാ സേന പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.