ജാമ്യത്തിലിറങ്ങി മുങ്ങി, മരിച്ചെന്ന് നാട്ടുകാർ; ഒടുവിൽ കൊലപാതക്കേസിലെ പ്രതി 31 വർഷത്തിന് ശേഷം പിടിയിൽ
പ്രതിയുടെ ഭാര്യയുടെ മൊബൈൽ ഫോൺ നമ്പർ പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്
മുംബൈ: കൊലപാതക കേസിൽ ഒളിവിൽ പോയ പ്രതിയെ 31 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ ദീപക് ഭിസെ എന്ന് 62 കാരനാണ് പിടിയിലായത്. 1989-ൽ രാജു ചിക്നയെന്നയാളെ കൊലപ്പെടുത്തിയതിനും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ദീപക് ഭിസെ. കേസിൽ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാൾ ജാമ്യം ലഭിച്ചു. എന്നാൽ പിന്നീട് ഒളിവിൽ പോകുകയായിരുന്നു. പ്രതിയുടെ നാടായ സബർബൻ കാണ്ടിവാലിയിൽ പൊലീസ് അന്വേഷിച്ച് ചെന്നപ്പോഴൊക്കെ ഇയാൾ മരിച്ചുപോയെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്.
പക്ഷേ അയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഭിസെയുടെ ഭാര്യയുടെ മൊബൈൽ ഫോൺ നമ്പർ പൊലീസിന് ലഭിച്ചു. ഇതാണ് കേസില്‍ വഴിത്തിരിവായത്. ഈ നമ്പർ വെച്ച് നടത്തിയ അന്വേഷണത്തിലാണ് പാൽഘർ ജില്ലയിലെ നലസോപാര മേഖലയിൽ പ്രതിയുണ്ടെന്ന് പൊലീസിന് മനസിലായത്.വെള്ളിയാഴ്ച രാത്രി ഇയാളെ അറസ്റ്റ് ചെയ്തു.
പ്രതി കുടുംബാംഗങ്ങൾക്കൊപ്പം പ്രദേശത്ത് സ്ഥിരതാമസമാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി കാന്തിവാലി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ നിതിൻ സതം പറഞ്ഞു.