ചീറ്റയെ കുറിച്ചുള്ള പോസ്റ്റ് ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്നെന്ന് പരാതി; സാമൂഹിക പ്രവർത്തകൻ അറസ്റ്റിൽ
കേന്ദ്ര- സംസ്ഥാന ബി.ജെ.പി സർക്കാരുകളുടെ കടുത്ത വിമർശകനാണ് ഇപ്പോൾ ഇദ്ദേഹം.
നമീബിയയിൽ നിന്നും കൊണ്ടുവന്ന ചീറ്റകളിലൊന്ന് ഗർഭിണിയാണെന്ന അഭ്യൂഹം പ്രചരിച്ചതിനു പിന്നാലെ അതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട സാമൂഹിക പ്രവർത്തകനെ അറസ്റ്റ് ചെയ്ത് കർണാടക പൊലീസ്. മംഗളുരു ബജ്പൈ സ്വദേശിയായ സുനിൽ ബജിലക്കേരിയെയാണ് അറസ്റ്റ് ചെയ്തത്.
ചീറ്റയുടെ ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട് സുനിൽ പങ്കുവച്ച പോസ്റ്റാണ് അറസ്റ്റിനാധാരം. "നമീബിയയിൽ നിന്നുള്ള ചീറ്റകൾക്ക് എപ്പോഴാണ് വളകാപ്പ് ചടങ്ങ്?" എന്നായിരുന്നു പുള്ളിപ്പുലിയുടെ മുഖമുള്ള ഗർഭിണിയുടെ ചിത്രം പങ്കുവച്ച് ഇദ്ദേഹത്തിന്റെ പോസ്റ്റ്. ഇത് ഗർഭിണികളേയും ഇന്ത്യൻ സംസ്കാരത്തേയും അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് ഒരു യുവതി നൽകിയ പരാതിയിലാണ് നടപടി.
ബില്ലവ സമുദായ നേതാവായ സുനിൽ, നേരത്തെ സംഘ്പരിവാർ പ്രവർത്തകനായിരുന്നു. പിന്നീട് സംഘ്പരിവാർ പ്രവർത്തനം ഉപേക്ഷിച്ച സുനിൽ ബജിലക്കേരി തുടർന്ന് പുരോഗമന സംഘടനകളിൽ ചേർന്ന് പ്രവർത്തിച്ചുവരികയാണ്.
കേന്ദ്ര- സംസ്ഥാന ബി.ജെ.പി സർക്കാരുകളുടെ കടുത്ത വിമർശകനായ അദ്ദേഹം അടുത്തിടെ 'ഹിന്ദുത്വദിന്ദ ബന്ധുത്വ ദേദേഗേ (ഹിന്ദുത്വത്തിൽ നിന്ന് മനുഷ്യബന്ധങ്ങളിലേക്ക്)' എന്ന പരിപാടി സംഘടിപ്പിച്ചത് ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ചില ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചിരുന്നു.
അതേസമയം, അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തിയ ഡിവൈഎഫ്‌ഐ കർണാടക പ്രസിഡന്റ് മുനീർ കടിപ്പള്ള ബജിലക്കേരിയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
"സാധാരണക്കാർ പരാതിയുമായി സൈബർ പൊലീസിനെ സമീപിക്കുമ്പോൾ, അവർക്കവിടെ മണിക്കൂറുകളോളം ഇരിക്കേണ്ടിവരുന്ന അതേ നാട്ടിലാണ് ഇത്തരമൊരു വിഷയത്തിൽ അതിവേഗ നടപടി. ഒരു തെളിവുമില്ലാതെയാണ് സുനിലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാധാരണയായി ക്രിമിനൽ കേസുകളിലാണ് ഇത്തരം അറസ്റ്റുകൾ നടക്കുന്നത്. ഇത് ഏത് സംസ്ഥാനമാണ് മിസ്റ്റർ ബൊമ്മൈ"- അദ്ദേഹം ചോദിച്ചു.
അദ്ദേഹം ഇട്ട പോസ്റ്റ് കേവലമൊരു കാരണം മാത്രമാണ്. അധികാരത്തിലിരിക്കുന്നവർക്കെതിരെ സംസാരിക്കരുതെന്ന് സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്ന ഒരു സന്ദേശം കൂടിയാണ് ഈ അറസ്റ്റ്. അറസ്റ്റിനെ എല്ലാവരും അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.