മണിപ്പൂരിൽ ബി.ജെ.പി വക്താവിന്റെ വീടിന് തീവച്ചു; ആക്രമണം മൂന്നാം തവണ
തങ്ങൾക്കെതിരായ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെതിരായ കുകി വിഭാഗത്തിന്റെ പ്രതിഷേധം നടക്കുന്നതിടെയായിരുന്നു സംഭവം.
ഇംഫാൽ: മെയ്തെയ്- കുകി സംഘർഷം തുടരുന്ന മണിപ്പൂരിൽ ബി.ജെ.പി നേതാവിന്റെ വീടിന് വീണ്ടും തീവച്ചു. പാർട്ടി വക്താവും താഡൗ ഗോത്ര നേതാവുമായ ടി.മൈക്കൽ ലംജതാങ് ഹയോകിപ്പിൻ്റെ വീടാണ് പ്രതിഷേധക്കാർ തകർക്കുകയും തീവയ്ക്കുകയും ചെയ്തത്. 2023 മെയിൽ മെയ്തെയ്- കുകി സംഘർഷം തുടങ്ങിയ ശേഷം ഹയോകിപ്പിന്റെ ചുരാചന്ദ്പൂരിലെ വീടിനു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
തങ്ങൾക്കെതിരായ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെതിരായ കുകി വിഭാഗത്തിന്റെ പ്രതിഷേധം നടക്കുന്നതിടെയായിരുന്നു സംഭവം. സംസ്ഥാനത്തെ പ്രതിസന്ധിക്ക് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് ഇവർ ആരോപിക്കുന്നു. ചുരാചന്ദ്പൂരിലെ ലെയ്ഷാങ്, കാങ്‌പോക്പിയിലെ കെയ്തെൽമാൻബി, തെങ്‌നൗപാലിലെ മോറെ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധ റാലികൾ.
ആക്രമണത്തിനെതിരെ ഹയോകിപ് രംഗത്തെത്തി. എല്ലാ സമാധാന റാലിയും കുക്കികൾക്ക് അക്രമ ദിനമാണെന്ന് ബി.ജെ.പി നേതാവ് പ്രതികരിച്ചു. ആറ് ദിവസം മുമ്പ്, ഒരു സംഘമാളുകൾ ഹയോകിപ്പിൻ്റെ വീട് നശിപ്പിച്ചിരുന്നു. സംഘത്തിൽപ്പെട്ട ആയുധധാരികൾ ആകാശത്തേക്ക് വെടിയുതിർത്തെന്നും ആരോപണമുണ്ട്.
അതേസമയം, ബി.ജെ.പി നേതാവിന്റെ വീടിനു നേരെ നടന്ന ആക്രമണത്തെ അപലപിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രംഗത്തെത്തി. 'ഹയോക്കിപ്പിൻ്റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നു. ഇത്തരം പ്രകോപനപരമായ പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ല. ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാവും. മാത്രമല്ല, ഭീഷണി സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടും മതിയായ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കും'- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചെയ്തതെല്ലാം മണിപ്പൂരിന്റെ നന്മക്കായാണെന്നും രാജിയുടെ ആവശ്യമില്ലെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി ബിരേന്‍ സിങ് അവകാശപ്പെട്ടിരുന്നു. മണിപ്പൂരിൽ 2023 മെയ് നാലിന് ആരംഭിച്ച വംശീയ ആക്രമണത്തില്‍ 226 പേരാണ് കൊല്ലപ്പെട്ടത്. 50,000ത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു.