‘മണിപ്പൂര്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു’ മുറിവുണങ്ങാത്ത മണിപ്പൂരിനായി വീണ്ടും രംഗത്തിറങ്ങി രാഹുൽ ഗാന്ധി

ഇനിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കണം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു

Update: 2024-07-11 16:54 GMT
Advertising

ന്യൂഡല്‍ഹി: മണിപ്പൂര്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു, ആ മുറിവുണങ്ങാന്‍ കാലമെടുക്കും, കലാപത്തീയില്‍ വെന്തെരിയുന്ന മണിപ്പൂരില്‍ മൂന്നാം തവണ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണിത്. മണിപ്പൂരിനെ വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് രാഹുല്‍ ഗാന്ധി.

മണിപ്പൂരിലെ ജനങ്ങളുടെ വേദനയും സങ്കടങ്ങളും നിറഞ്ഞ വിഡിയോ അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു. മണിപ്പൂരില്‍ കണ്ടതും, അവിടുത്തെ ജനങ്ങളുടെ വേദനയും നോവും നിറഞ്ഞ വിഡിയോയില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മണിപ്പൂരിനെ സമാധാനത്തിലേക്ക് തിരികെകൊണ്ടുവരാന്‍ പ്രവര്‍ത്തിക്കാത്തതില്‍ ജനങ്ങളുടെ പ്രതിഷേധവും അമര്‍ഷവും നിറഞ്ഞ് നില്‍ക്കുന്നുണ്ട്.

ഇനിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദര്‍ശിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസും ഇന്‍ഡ്യാ മുന്നണിയും മണിപ്പൂരിനെ സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പാര്‍ലമെന്റില്‍ ശക്തമായി ഇടപെടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ട ശേഷം ഇത് മൂന്നാം തവണയാണ് ഞാന്‍ ഇവിടെ വരുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ മണിപ്പൂരിന്റെ അവസ്ഥയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

വീടുകള്‍ നിന്ന് കത്തുകയാണ്, നിരപരാധികള്‍ മരിച്ചുവീഴുകയാണ്, പലരുടെയും ജീവന്‍ അപകടത്തിലാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്നു. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണം സമാധാനത്തിനായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ജനങ്ങളോട് നേരിട്ട് സംസാരിച്ചു. പലരും രാഹുലിനോട് ഹൃദയം തുറന്ന് സംസാരിച്ചു. സര്‍, ഞങ്ങള്‍ക്ക് സുരക്ഷ വേണം, ഞങ്ങള്‍ക്ക് ഞങ്ങളുടെ വീട്ടില്‍ പോകണം, എത്രനാള്‍ ഇവിടെ ഇങ്ങനെ കഴിയുമെന്നാണ് ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകളിലൊരാള്‍ രാഹുലിനോട് ചോദിച്ചത്. നിങ്ങള്‍ക്ക് സുരക്ഷ ലഭിക്കണം, വീടുകളിലേക്ക് തിരികെ പോകാന്‍ കഴിയണം രാഹുല്‍ അവരെ ആശ്വസിപ്പിച്ചു.

എന്തിനാണ് ഈ വഴക്ക് തുടങ്ങിയതെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തോട് തെറ്റിദ്ധാരണ മൂലമെന്നാണ് മണിപ്പൂരിലെ സത്രീകള്‍ പറയുന്നത്. അക്രമം കൊണ്ട് ആര്‍ക്കെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനോട് ഇല്ല എന്ന മറുപടി മാത്രമാണ് അവര്‍ക്ക് പങ്കുവെക്കാനുണ്ടായിരുന്നത്.

അതിനിടയില്‍ ദുരിതാശ്വാസ ക്യാമ്പിലെ ഒരു സ്ത്രീ പൊട്ടിത്തെറിച്ചുകൊണ്ട് പറഞ്ഞതിങ്ങനെയാണ് ; 'പുറത്തുനിന്നുള്ളവരെല്ലാം മണിപ്പൂര്‍ സന്ദര്‍ശിക്കുന്നു, കലാപഭൂമികളില്‍ ആശ്വാസ വാക്കുകളുമായെത്തുന്നു, എന്നാല്‍ മുഖ്യമന്ത്രി ബിരേന്‍ സിങും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇനിയും ഇവിടെ വന്നിട്ടില്ല'.

കലാപം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് ഞാന്‍ ഇവിടെ വരുന്നത്. വലിയ ദുരന്തമാണ് ഈ ജനത അഭിമുഖീകരിക്കുന്നത്. ഇവിടുത്തെ അവസ്ഥയില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ സമാധാനത്തിന്റെ പാതയിലേക്ക് സംസ്ഥാനം ഈ അടുത്തൊന്നും എത്താനിടയില്ലെന്ന് നിരാശയോടെ രാഹുല്‍ പറയുന്നു. എന്നാലും ക്യാമ്പുകളിലുള്ളവരുടെ വേദനകള്‍ കേട്ടു. അവരില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും, സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അക്രമം എല്ലാവരെയും വേദനിപ്പിക്കുന്നു. 

മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയെ കണ്ട് സംസ്ഥാനത്തിന്റെ അവസ്ഥയില്‍ പുരോഗതിയണ്ടാകാത്തതില്‍ അതൃപ്തിയും രാഹുൽ പ്രകടിപ്പിച്ചു. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ ഞങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഗവര്‍ണറെ അറിയിച്ചു. ഞങ്ങളുടെ അതൃപ്തിയും പ്രകടിപ്പിച്ചു. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു സഹോദരന്‍ എന്ന നിലയിലും കുടുംബാംഗമെന്ന നിലയിലുമാണ് ഞാന്‍ ഇവിടെ വരുന്നത്. മണിപ്പൂര്‍ മുഴുവന്‍ വേദനയിലാണെന്നും അതില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ടെന്നും ഞാന്‍ മനസിലാക്കുന്നു. ഈ ദുരിതം എത്രയും വേഗം ആവസാനിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മണിപ്പൂര്‍ സന്ദര്‍ശിക്കൂ, ജനങ്ങള്‍ പറയുന്നത് കേള്‍ക്കൂ എന്ന് മാത്രമാണ് പ്രധാനമന്ത്രിയോട് പറയാനുള്ളത്. സമാധാനത്തെയും സാഹോദര്യത്തെയും കുറിച്ച് എല്ലാവരും ചിന്തിക്കണമെന്നും രാഹുല്‍ ആവര്‍ത്തിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News