രോഗിയായ ഭാര്യയെ കാണണം; സിസോദിയക്ക് ഏഴ് മണിക്കൂർ ഇടക്കാല ജാമ്യം അനുവദിച്ച് കോടതി
മൊബൈൽ ഉപയോഗിക്കാനോ മാധ്യമങ്ങളെ കാണണോ പാടില്ലെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്
ഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ചികിത്സയിലുള്ള ഭാര്യയെ കാണാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൊബൈൽ ഉപയോഗിക്കാനോ മാധ്യമങ്ങളെ കാണണോ പാടില്ലെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. നാളെ രാവിലെ പത്തിനും വൈകിട്ട് അഞ്ചിനുമിടയിൽ ഭാര്യയെ കാണാനാണ് അനുമതി നൽകിയിരിക്കുന്നത്.
ഡൽഹി മദ്യ അഴിമതിക്കേസിൽ ഫെബ്രുവരി മുതൽ ജയിലിൽ കഴിയുകയാണ് സിസോദിയ. ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നീ അസുഖബാധിതയായ ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് സിസോദിയ ഇടക്കാല ജാമ്യം തേടിയത്. ഇത് സംബന്ധിച്ച് ഇഡിയോടും കോടതി വിവരങ്ങൾ തേടിയിരുന്നു. ശേഷം ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു.
മനീഷ് സിസോദിയയും രോഗിയായ ഭാര്യയും തമ്മിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മണിക്കൂർ വീഡിയോ കോളുകൾ അനുവദിക്കണമെന്ന് ഈ മാസം ആദ്യം ഹൈക്കോടതി തിഹാർ ജയിൽ സൂപ്രണ്ടിനോട് നിർദേശിച്ചിരുന്നു.