ഒരുപാട് പേർ കോൺഗ്രസിന് ചരമക്കുറിപ്പെഴുതി: സോണിയ ഗാന്ധി

"വ്യക്തിപരവും രാഷ്ട്രീയവുമായ ആക്രമണങ്ങളെല്ലാം പോരാടാനുറച്ച രാഹുലിന്റെ ദൃഢനിശ്ചയത്തിന് വലിയ നന്ദി"

Update: 2024-06-09 09:41 GMT
Advertising

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത് വലിയ വെല്ലുവിളികളെന്ന് സോണിയ ഗാന്ധി. പാർട്ടിയുടെ ചരമക്കുറിപ്പ് വരെ പലരും എഴുതിയിരുന്നെന്നും വെല്ലുവിളികളെ അതിജീവിച്ച് പാർട്ടി പൂർവാധികം ശക്തിയായി തിരിച്ചു വന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷപദം ഏറ്റെടുത്ത ശേഷം എംപിമാരെ അഭിസംബോധന ചെയ്തായിരുന്നു സോണിയയുടെ പരാമർശം.

"എന്നിലേൽപ്പിച്ചിരിക്കുന്ന ഈ വലിയ ഉത്തരവാദിത്തത്തെ കുറിച്ച് നല്ല ബോധ്യമെനിക്കുണ്ട്. വലിയ വെല്ലുവിളികൾ കോൺഗ്രസ് നേരിട്ട തെരഞ്ഞെടുപ്പാണിത്. ആ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ഓരോ എംപിയും ലോക്‌സഭയിലെത്തിയിരിക്കുന്നത്. കഠിനപരിശ്രമത്തിലൂടെയും യുക്തിപൂർണമായ പ്രചാരണത്തിലൂടെയും സ്വന്തമാക്കിയ ആ വിജയത്തെ അഭിനന്ദിക്കാതെ വയ്യ.ലോക്‌സഭയിൽ നമ്മുടെ പ്രാതിനിധ്യമിനി കൂടുതൽ കരുത്തോടെയുണ്ടാകും.

പാർട്ടിയെ നശിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പ് കാലത്ത് ശ്രമങ്ങളേറെയായിരുന്നു. സാമ്പത്തികമായി ഏറെ പ്രതിസന്ധി അവർ സൃഷ്ടിച്ചു, നമ്മുടെ നേതാക്കന്മാർക്കെതിരെ നുണപ്രചാരണവും ദുഷ്പ്രചാരണവും നടത്തി... പലരും പാർട്ടിയുടെ ചരമക്കുറിപ്പ് വരെയെഴുതി.പക്ഷേ നമ്മളവയെല്ലാം അതിജീവിച്ചു. ഇതിൽ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പങ്ക് പറയാതെ വയ്യ. നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണദ്ദേഹം. പാർട്ടിക്ക് മേൽ അദ്ദേഹത്തിനുള്ള പ്രതിബദ്ധതയും അദ്ദേഹത്തിന്റെ മൂല്യങ്ങളും എന്നും പാർട്ടിക്ക് മുതൽക്കൂട്ടായിരിക്കും.

പാർട്ടിയെ എല്ലാ തലത്തിലും പ്രചോദിപ്പിച്ച രണ്ട് ചരിത്ര മുന്നേറ്റങ്ങളായിരുന്നു രാഹുലിന്റെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും. വ്യക്തിപരവും രാഷ്ട്രീയവുമായ ആക്രമണങ്ങളെല്ലാം പോരാടാനുറച്ച രാഹുലിന്റെ ദൃഢനിശ്ചയത്തിന് വലിയ നന്ദി. ഭരണഘടനയുടെ സംരക്ഷണത്തിന് എന്തൊക്കെ ചെയ്യണമെന്ന നമ്മുടെയൊക്കെ ആഖ്യാനങ്ങൾക്ക് രാഹുൽ മൂർച്ച കൂട്ടി.

ഭരണഘടനയുടെ പ്രധാന്യമുയർത്തിയായിരുന്നു നമ്മുടെ പ്രചാരണങ്ങളെല്ലാം. ഇന്നലെ അതേ ഭരണഘടനയ്ക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നമസ്‌കരിച്ചതിൽ ആ പ്രചാരണങ്ങൾക്ക് ഒരു വലിയ പങ്കുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം.

പക്ഷേ നമ്മുടെ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. ധ്രുവീകരണത്തിനും മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും നശിപ്പിക്കാനുള്ള ശ്രമങ്ങളോടും നമ്മളെപ്പോഴും ജാഗ്രത പുലർത്തണം. സഭായോഗ്യമായ രാഷ്ട്രീയം തിരിച്ചുകൊണ്ടു വരിക എന്ന വലിയ കർത്തവ്യം നമ്മുടെ മുന്നിലുണ്ട്.

ഭിന്നിപ്പും ഏകാധിപത്യവും വേണ്ട എന്ന് ജനങ്ങൾ തീരുമാനമെടുത്ത തെരഞ്ഞെടുപ്പാണിത്. ഭരണഘടന സംരക്ഷിക്കാനാണ് അവർ ഇത്തവണ വോട്ട് നൽകിയത്. സാമൂഹ്യനീതിക്ക് വേണ്ടി അവർ വോട്ട് ചെയ്യുമ്പോൾ അത് തന്നെയാവണം നമ്മുടെ മാർഗവും ലക്ഷ്യവും". സോണിയ ഗാന്ധി പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News