മായാവതിക്ക് ഭയം, സംസാരിക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് ചന്ദ്രശേഖർ ആസാദ്
തനിക്ക് മുഖ്യമന്ത്രി സ്ഥാനമോഹമില്ലെന്നും യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി
ബിഎസ്പി അധ്യക്ഷ മായാവതി അരക്ഷിതബോധം കാരണം തന്നോട് സംസാരിക്കാൻ കൂട്ടാക്കുന്നില്ലെന്ന് ദലിത് നേതാവും ഭീം ആർമി തലവനുമായ ചന്ദ്രശേഖർ ആസാദ്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ 'പഞ്ചായത്ത് ആജ് തക്' പരിപാടിയിലാണ് ആസാദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞാൻ ശ്രമിച്ചെങ്കിലും മായാവതി എന്നോട് സംസാരിക്കുന്നില്ല. അരക്ഷിതബോധമാണ് അവർക്ക്. ഞാൻ അവരെ ബഹുമാനിക്കുന്നയാളാണ്. അവർക്കെതിരെ ഒന്നും തന്നെ പറഞ്ഞിട്ടുമില്ല. എന്നാൽ, എന്നെ ആർഎസ്എസ്, ബിജെപി, കോൺഗ്രസ് ഏജന്‍റെന്നാണ് അവർ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നത്. ഞാനവരെ ആരുടെയും ഏജന്റാണെന്ന് പറഞ്ഞിട്ടില്ല-ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിലും ആസാദ് സമാജ് പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനമോഹമില്ലെന്നും തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും ആസാദ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു കക്ഷികളുമായി സഖ്യം ചേരാനുള്ള സാധ്യതയും അദ്ദേഹം തള്ളിയിട്ടില്ല. അതേസമയം, എന്തുവിലകൊടുത്തും ബിജെപിയെ തടയുകയാണ് തങ്ങളുടെ ഒരേയൊരു ലക്ഷ്യമെന്നും ആസാദ് അറിയിച്ചു.
യുപിയാണ് കേന്ദ്ര സർക്കാരിലേക്കുള്ള വഴി തീരുമാനിക്കുന്നത്. കഴിഞ്ഞ നാലര വർഷത്തിലേറെയായി സംസ്ഥാനവും ഇവിടത്തെ ദലിതുകളും എത്രമാത്രം കഷ്ടപ്പെട്ടുവെന്നത് എല്ലാവരും കണ്ടതാണ്. തങ്ങളുടെ അവകാശങ്ങൾ തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ദലിതുകൾ. ദലിതുകൾ ദുർബലരാണെന്ന് കരുതി അവർക്ക് കുറഞ്ഞ സീറ്റുകൾ നൽകുന്നവര്‍ക്ക് പാഠംപഠിക്കേണ്ടിവരുമെന്നും ചന്ദ്രശേഖർ ആസാദ് കൂട്ടിച്ചേർത്തു.