തീവില; മക്ഡൊണാൾഡ്സ് മെനുവിൽ നിന്ന് തക്കാളി ഔട്ട് !
തക്കാളിയുടെ നിലവാരത്തിനും ഇനത്തിനുമനുസരിച്ച് വിലയിൽ മാറ്റമുണ്ടെങ്കിലും കിലോയ്ക്ക് നൂറിനടുത്താണ് പലയിടത്തും വില
ബർഗറും റാപ്പും അടക്കമുള്ള ഭക്ഷ്യോത്പന്നങ്ങളിൽ നിന്ന് തക്കാളി ഒഴിവാക്കുകയാണെന്ന് പ്രശസ്ത ഫാസ്റ്റ് ഫൂഡ് ശൃംഖലയായ മക്ഡൊണാൾഡ്സ്. രാജ്യത്ത് തക്കാളി വില റെക്കോർഡിലെത്തിയതോടെയാണ് തീരുമാനം. രാജ്യത്ത് വിവിധയിടങ്ങളിലുള്ള മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റുകളിൽ ഇതിനോടകം തന്നെ തീരുമാനം നടപ്പിലാക്കിയിട്ടുണ്ട്.
"എത്ര ശ്രമിച്ചിട്ടും ഗുണനിലവാരമുള്ള തക്കാളികൾ ആവശ്യാനുസരണം കിട്ടാനില്ല. അതുകൊണ്ട് തക്കാളിയില്ലാതെ ഭക്ഷ്യോത്പന്നങ്ങൾ ഉണ്ടാക്കേണ്ടി വരികയാണ്. സഹകരിക്കുക". മക്ഡൊണാൾഡ്സ് ന്യൂഡൽഹിയിലെ രണ്ട് ഔട്ട്ലെറ്റുകളിൽ പതിപ്പിച്ച നോട്ടീസിൽ പറയുന്നു.
കിലോയ്ക്ക് 140 രൂപയാണ് ന്യൂഡൽഹിയിൽ തക്കാളിയുടെ വില. തക്കാളിയുടെ നിലവാരത്തിനും ഇനത്തിനുമനുസരിച്ച് വിലയിൽ മാറ്റമുണ്ടെങ്കിലും നൂറിനടുത്താണ് പലയിടത്തും വില.
ഓൺലൈൻ വിതരണക്കാരായ ഒടിപൈ നൽകുന്ന ഹൈബ്രിഡ് തക്കാളിക്ക് 140 രൂപയാണ് വില. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പഴം-പച്ചക്കറി മാർക്കറ്റുകളിലൊന്നായ ഡൽഹിയിലെ ആസാദ്പൂർ മന്ദിയിൽ ഏറ്റവും നിലവാരം കുറഞ്ഞ തക്കാളി ലഭിക്കണമെങ്കിൽ 60 രൂപ നൽകണം. കൂടിയ വില 120 രൂപയുമാണ്.
രാജ്യത്തെ പ്രധാന തക്കാളിക്കൃഷി കേന്ദ്രങ്ങളിൽ ഉൽപാദനം കുറഞ്ഞതാണ് പിടിവിട്ട വിലക്കയറ്റത്തിനു കാരണമെന്ന് ആസാദ്പൂർ ടൊമാറ്റോ അസോസിയേഷൻ പ്രസിഡന്റ് അശോക് കൗശിക് പറയുന്നു. കനത്ത മഴയാണ് തക്കാളിക്കൃഷിക്ക് തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഡൽഹിയിലേക്ക് പ്രധാനമായും തക്കാളി എത്തുന്നത്. ഇവിടങ്ങളിലെല്ലാം കനത്ത മഴയെത്തുടർന്ന് തക്കാളിക്കൃഷിക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. നിലവിൽ ഹിമാചൽപ്രദേശിൽനിന്നു മാത്രമാണ് ഡൽഹി-എൻ.സി.ആർ മേഖലയിലേക്ക് തക്കാളി എത്തുന്നത്.