ബിജെപി ജയിച്ചത് ഗോമൂത്ര സംസ്ഥാനങ്ങളിലെന്ന പരിഹാസം; ഡിഎംകെ എം.പിക്ക് പിന്തുണയുമായി വൈകോ
പാർലമെന്റിന്റെ ശൈത്യകാല സെഷനിലായിരുന്ന എം.പിയുടെ പരാമർശം.
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിച്ചത് ഗോമൂത്ര സംസ്ഥാനങ്ങളിലാണെന്ന പരിഹാസം വിവാദമായതോടെ ഡിഎംകെ എം.പിയെ പിന്തുണച്ച് എംഡിഎംകെ (മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം) എം.പി വൈകോ. തമിഴ്നാട്ടിലെ ധർമപുരി എം.പി ഡി.എൻ.വി സെന്തിൽകുമാറാണ് പാർലമെന്റിന്റെ ശൈത്യകാല സെഷനിൽ ഇത്തരമൊരു പരാമർശം നടത്തിയത്.
"ഞാൻ അദ്ദേഹത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണ്"- വൈകോ പറഞ്ഞു. 'ഗോമൂത്ര' സംസ്ഥാനങ്ങൾ എന്ന് നമ്മൾ പൊതുവെ വിളിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് ബിജെപിയുടെ ശക്തിയെന്ന് ഈ രാജ്യത്തെ ജനങ്ങൾ ചിന്തിക്കണം'- എന്നാണ് ഡിഎൻവി സെന്തിൽകുമാർ ലോക്സഭയിൽ പറഞ്ഞത്.
'നിങ്ങൾക്ക് ദക്ഷിണേന്ത്യയിലേക്ക് വരാനാകില്ല. തമിഴ്‌നാട്, കേരള, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ നോക്കിയാൽ അത് മനസിലാവും. ഞങ്ങൾ അവിടെ വളരെ ശക്തരാണ്. നിങ്ങൾക്ക് പരോക്ഷ ഭരണം നടത്താൻ ഈ സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയാലും ആശ്ചര്യപ്പെടാനില്ല'.
'കാരണം നിങ്ങൾക്കവിടെ പ്രത്യക്ഷത്തിൽ അധികാരത്തിലെത്താൻ കഴിയില്ല. നിങ്ങൾക്കൊരിക്കലും അവിടെ കാലുറപ്പിക്കാനോ അവിടുത്തെ നിയന്ത്രണം പിടിച്ചെടുക്കാനോ സാധിക്കില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു. പരാമർശം വിവാദമാവുകയും ബിജെപി പ്രതിഷേധമുയർത്തുകയും ചെയ്തതോടെ ഇവ പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്തു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി വിജയം നേടിയതിന് പിന്നാലെയായിരുന്നു സെന്തിൽകുമാറിന്റെ പരാമർശം.