കാക്കി ഉപേക്ഷിച്ച് അസമിന്‍റെ സിങ്കം; പദവിയൊഴിഞ്ഞ് സാമൂഹിക സേവനത്തിനിറങ്ങിയ ഐപിഎസുകാരന്‍
സാമൂഹ്യസേവനത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമായി ഐപിഎസ് ഓഫീസര്‍ പദവി രാജിവച്ച ആനന്ദ് മിശ്ര ഈയിടെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു
ഐപിഎസ് ഓഫീസര്‍ ആവുക എന്നത് പലരുടെയും സ്വപ്നമാണ്. ലക്ഷക്കണക്കിന് യുപിഎസ്‌സി ഉദ്യോഗാർഥികളാണ് ഓരോ വര്‍ഷവും പരീക്ഷ എഴുതുന്നത്. എന്നാല്‍ അവരില്‍ വളരെക്കുറച്ച് പേര്‍ മാത്രമായിരിക്കും ലക്ഷ്യം നേടുന്നത്. കടുത്ത മത്സരത്തെ അതിജീവിച്ച് ഐപിഎസ് നേടിയാലും അഭിമാനകരമായ ജോലി രാജിവച്ച് മറ്റൊരു വഴി തെരഞ്ഞെടുക്കുന്നവരുമുണ്ട്. അവരിലൊരാളാണ് ആനന്ദ് മിശ്ര.
സാമൂഹ്യസേവനത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമായി ഐപിഎസ് ഓഫീസര്‍ പദവി രാജിവച്ച ആനന്ദ് മിശ്ര ഈയിടെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അസം-മേഘാലയ കേഡറില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ആനന്ദ് 2010-ലെ യുപിഎസ്‌സി സിഎസ്ഇ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 225ാം റാങ്ക് നേടിയാണ് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ പ്രവേശിച്ചത്. ക്രമസമാധാനം പാലിക്കുന്നതിലുള്ള പ്രതിബദ്ധതയ്ക്ക് തൻ്റെ കരിയറിൽ ഉടനീളം അദ്ദേഹം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
സോഷ്യല്‍മീഡിയയില്‍ അസമിന്‍റെ സിങ്കം എന്നറിയപ്പെടുന്ന 40കാരനായ ആനന്ദ് മിശ്രക്ക് ഇന്‍സ്റ്റഗ്രാമില്‍ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ബിഹാര്‍ സ്വദേശിയായ മിശ്ര കൊല്‍ക്കത്തയില്‍ നിന്നാണ് തന്‍റെ സ്കൂള്‍ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയത്. 2005 മുതൽ 2010 വരെ പശ്ചിമ ബംഗാൾ സിവിൽ സർവീസിലാണ് മിശ്ര സേവനമനുഷ്ഠിച്ചത്.തുടര്‍ന്ന് മിശ്ര അസമിലെ ലഖിംപൂർ ജില്ലയിൽ പൊലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു. പിന്നീട് , മണിപ്പൂരിലെ അക്രമ സംഭവങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) സഹായിക്കാൻ മിശ്രയെ ചുമതലപ്പെടുത്തി.
തൻ്റെ ഐപിഎസ് ഉത്തരവാദിത്തങ്ങളുടെ പരിധിക്കപ്പുറം വ്യക്തിപരവും സാമൂഹികവുമായ ദൗത്യങ്ങൾ പൂർത്തീകരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അസം സർക്കാർ ചീഫ് സെക്രട്ടറിക്ക് അയച്ച രാജിക്കത്തിൽ മിശ്ര വ്യക്തമാക്കി. “യൂണിഫോം എൻ്റെ ആദ്യത്തേയും അവസാനത്തേയും പ്രണയമാണ്. ഈ 12 വർഷങ്ങൾ ഞാൻ ജനസേവനത്തിനായി നീക്കിവച്ചു. എന്നാൽ അത്തരമൊരു ജോലിയിൽ തുടരുമ്പോൾ പാലിക്കേണ്ട ചില പെരുമാറ്റച്ചട്ടങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം. എൻ്റെ സ്വദേശമായ ബിഹാറിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നതാണ് എൻ്റെ സ്വപ്നം. അത് സേവനത്തിന് പുറത്ത് നിന്നാൽ മാത്രമേ എനിക്ക് ചെയ്യാൻ കഴിയൂ.” ആനന്ദ് മിശ്ര പറഞ്ഞു.
''എന്‍റെ ജന്‍മനാടിനും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സാമൂഹിക സേവനമാണ് എന്‍റെ ലക്ഷ്യം. അതൊരു എന്‍ജിഒ മുഖേനെയാണോ അല്ലെങ്കില്‍ മറ്റു മാര്‍ഗങ്ങളിലൂടെയാണോ എന്ന് നിശ്ചയിച്ചിട്ടില്ല. രാജി നേരത്തെ എടുത്ത തീരുമാനമാണ്'' മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ''എന്‍റെ ജനങ്ങള്‍ എനിക്ക് വളരെയധികം തന്നു, ഞാന്‍ എന്താണവര്‍ക്ക് തിരികെ നല്‍കിയത്? അവരുടെ സ്നേഹത്തിന് പകരം നല്‍കാനുള്ള സമയമായി....ബക്‌സർ പട്ടണത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള തൻ്റെ ഗ്രാമമായ പ്രസൗന്ദയെക്കുറിച്ചും മിശ്ര സംസാരിച്ചു. കഴിഞ്ഞ ഡിസംബര്‍ 18നാണ് മിശ്ര രാജിക്കത്ത് നല്‍കിയത്.
അതിനിടയില്‍ മിശ്രയുടെ രാജി രാഷ്ട്രീയ പ്രവേശനത്തിന്‍റെ ഭാഗമാണെന്നും ബി.ജെ.പിയില്‍ ചേര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് കടക്കാതെ ബദൽ വഴികളിലൂടെ സമൂഹത്തിന് അർത്ഥവത്തായ സംഭാവന നൽകുന്നതിന് കലാപ വിരുദ്ധ പ്രവർത്തനങ്ങളിലും മാഫിയ വിരുദ്ധ പ്രവർത്തനങ്ങളിലും തൻ്റെ വൈദഗ്ധ്യം ഉപയോഗിക്കുക എന്നതാണ് മിശ്രയുടെ പ്രാഥമിക ലക്ഷ്യം. എന്നാല്‍ തന്നെ മാതൃകയാക്കരുതെന്നും ഓരോരുത്തരും തങ്ങളുടെ സ്വപ്നമാണ് പിന്തുടരേണ്ടതെന്നും മിശ്രയുടെ വാക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.